പ്രകോപനവും ഇടപെടലുകളും വഴിയാക്കി സാമൂഹിക സത്യങ്ങൾ വെളിപ്പെടുത്തുക എന്നതാണ് നാടകത്തിന്റെ ലക്ഷ്യം.
കൊച്ചി: നാടകം നടക്കുമ്പോൾ ആസ്വദിക്കുന്ന പ്രേക്ഷകരെയാണ് നമ്മുക്ക് കണ്ടുശീലം. എന്നാൽ കാഴ്ചക്കാരെ പ്രകോപിപ്പിച്ചും അവരുമായി നേരിട്ട് സംവദിച്ചും സാമൂഹിക യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്ന ‘ഹാന്റ് ഓഫ് ഗോഡ്’ എന്ന നാടകം വേറിട്ട അനുഭവമായി.
പി.ആര്‍. അരുണ്‍ സംവിധാനം ചെയ്ത് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അവതരിപ്പിച്ച നാടകം കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയനിലാണ് അരങ്ങേറിയത്.
ഓരോ തവണ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കനുസരിച്ച് നാടകത്തിന്റെ ഗതിയും അന്തരീക്ഷവും മാറിക്കൊണ്ടിരിക്കുമെന്ന് അരുണ്‍ പറഞ്ഞു. ഇത് ഒരു കലാപ്രതിഷ്ഠയാണെന്നും ഓരോ പ്രകടനത്തിന് ശേഷവും അണിയറപ്രവർത്തകർ തന്നെയാണ് ആ നാടകം കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ കാണികളും വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. ചില വേദികളിൽ ‘അടിമ’ മരിക്കുമ്പോൾ മറ്റ് ചിലപ്പോള്‍ ‘റാണി’യാണ് മരിക്കുന്നത്. ഇതിലൂടെ ഓരോ അവതരണവും വ്യത്യസ്ത അനുഭവമായി മാറുന്നുവെന്നും അരുണ്‍ കൂട്ടിച്ചേർത്തു.
നാടകത്തോടുള്ള പ്രതികരണങ്ങൾ പലപ്പോഴും വൈകാരികമായിരുന്നു. ചിലർ ചിരിയോടെയും ഗൗരവമില്ലാതെയും സമീപിച്ചപ്പോൾ, മറ്റ് ചിലർ മാനസികമായി അസ്വസ്ഥരായി കരയുകയും ചെയ്തു. മുൻകാല ദുരനുഭവങ്ങൾ ഓർമ്മിപ്പിച്ച സ്ത്രീകളെ ആശ്വസിപ്പിക്കാൻ നാടകം താൽക്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യം മുൻ വേദികളിൽ ഉണ്ടായിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.
നിലവിലുള്ള വ്യവസ്ഥിതിയോടുള്ള രോഷം പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു. നിയമപരവും സാമൂഹികവും കുടുംബപരവുമായ വ്യവസ്ഥിതികളുടെ പ്രതീകമായാണ് നാടകത്തിൽ ‘ദൈവം’ എത്തുന്നത്. ലിംഗനീതി, വിശ്വാസം, ജനാധിപത്യം, ശരീരത്തിന്റെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ചിന്തിക്കാൻ നാടകം പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
കാണികൾക്ക് മാത്രമല്ല, അഭിനേതാക്കൾക്കും ഈ നാടകം വലിയൊരു അനുഭവമാണ് നൽകുന്നത്. കേരളത്തിന് പുറത്തുള്ള വേദികളിലേക്കും നാടകം എത്തിച്ച് വിവിധ സ്ഥലങ്ങളിലെ പ്രതികരണങ്ങൾ മനസ്സിലാക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.
നാടകാവതരണത്തിലെ സംഘർഷങ്ങളിലൂടെ ആളുകളുടെ ഉള്ളിലുള്ള മുൻവിധികൾ പുറത്തുവരുന്നു. കാണികൾ അറിയാതെ തന്നെ കഥാപാത്രങ്ങളെ മനസോടെ ഉൾക്കൊള്ളുകയും ചെയ്യുന്നു. പ്രകോപനവും ഇടപെടലുകളും വഴിയാക്കി സാമൂഹിക സത്യങ്ങൾ വെളിപ്പെടുത്തുക എന്നതാണ് നാടകത്തിന്റെ ലക്ഷ്യം. ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പുകളാണ് ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്നതെന്ന സന്ദേശവുമാണ് നാടകം മുന്നോട്ടുവെക്കുന്നത്.

