കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രി ഗൈനക്കോളജി ചികിത്സാ രംഗത്ത് ലോകനേട്ടം കൈവരിച്ചപ്പോള്‍ തൃശ്ശൂര്‍ സ്വദേശിനി രേഷ്മയുടെയും ശ്രീജിത്തിന്റെയും കൈയ്യില്‍ മാലാഖ പോലൊരു പെണ്‍കുഞ്ഞ് കണ്ണിറുക്കി ചിരിച്ചു. സ്കാര്‍ പ്രഗ്നന്സിയുമായെത്തിയ രേഷ്മയുടെ ഗര്‍ഭസ്ഥ ശിശുവിനെ സുരക്ഷിതമായി നിലനിര്‍ത്തിക്കൊണ്ട് നടത്തിയ സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയകരമായതോടെ സണ്‍റൈസ് ആശുപത്രി ചരിത്രത്തിന്റെ ഭാഗമായി. ഒപ്പം സണ്‍റൈസ് ആശുപത്രികളുടെ സ്ഥാപകനും ലോക പ്രശസ്ത ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ വിദഗ്ദനും, ഗൈനക്കോളജിസ്റ്റുമായ ഡോ. ഹാഫിസ് റഹ്മാന്, സഹഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷെമിനി സലിം, ഡോ.സോണിയ ഫര്ഹാന്, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യോളിസ്റ്റ് പി.ജി.ഷാജി എന്നിവരും ചരിത്ര നേട്ടത്തിന്റെ നേരവകാശികളുമായി.
മുന്‍പ് സി-സെക്ഷന്‍ ചെയ്ത ഭാഗത്തെ തഴമ്പില്‍ ഗര്‍ഭസ്ഥശിശു വളരുന്ന സ്കാര്‍ പ്രഗ്നന്സിയെന്ന അവസ്ഥയെ തുടര്‍ന്ന് രേഷ്മയും ഭര്‍ത്താവ് ശ്രീജിത്തും കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ഡോ.ഹഫീസ് റഹ്മാന്റെയടുക്കല് ഗര്‍ഭചിത്രം നടത്താന്‍ എത്തിയടുത്തുനിന്നുമാണ് ചരിത്രം പിറക്കുന്നത്. 2022-ല്‍ ഇവരുടെ ആദ്യ ഗര്‍ഭം അലസിയിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായി 2023-ല്‍ പ്രസവം നടന്നെങ്കിലും കുഞ്ഞ് മരണപ്പെട്ടു. 2024 -ല്‍ ഗര്‍ഭ ധാരണം നടന്നെങ്കിലും, സ്കാര്‍ പ്രഗ്നന്സിയെ തുടര്‍ന്ന് ഗര്‍ഭചിത്രം നടത്തേണ്ടിവന്നു. വീണ്ടും 2025-ല്‍ ദുബായില്‍ വച്ച് നാലാം പ്രാവശ്യം രേഷ്മ ഗര്‍ഭിണിയാകുന്നു. ഇതും സ്കാര്‍ പ്രഗ്നന്‍സിയാണെന്ന് തിരിച്ചറിയുകയും ഗര്ഭചിദ്രമല്ലാതെ മറ്റൊരുമാര്‍ഗവും ഇല്ലെന്ന് തിരിച്ചറിയുന്നു. ദുബായില്‍ ഗര്‍ഭചിദ്രം നടത്താന്‍ നിയമ തടസമുള്ളതുകൊണ്ട്, അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് രേഷ്മ ഡോ.ഹഫീസ് റഹ്മാന്റെയടുക്കല് എത്തുന്നത്. ചിലപ്പോള്‍ ഗര്‍ഭ പാത്രം തന്നെ നീക്കേണ്ടിവരുമെന്ന ഉപദേശവും അവര്‍ നല്‍കിയിരുന്നു.
സ്കാര്‍ പ്രഗ്നന്‍സിയില്‍ സര്‍വ്വസാധാരണയായി ഗര്‍ഭചിദ്രമാണ് കൈക്കൊള്ളുന്ന ചികിത്സാവിധി. എന്നാല്‍ രേഷ്മയുടെയും കുടുംബാഗങ്ങളുടെയും മാനസികാവസ്ഥയും, ഒരു കുഞ്ഞ് എന്ന അവരുടെ സ്വപ്നവും മനസിനെ വല്ലാതെ അലട്ടിയെന്ന് ഡോ.ഹഫീസ് പറഞ്ഞു. സ്കാനിംഗ് റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഗര്‍ഭാവസ്ഥയിലെ പുതിയ ചികിത്സാ സാധ്യതകള്‍ കണ്ടെത്താന്‍ തന്റെ ദീര്‍ഘകാല അനുഭവസമ്പത്ത് തുണയായെന്നും, ദമ്പതികള്‍ പുതിയ സാധ്യതകള്‍ പരീക്ഷിക്കാന്‍ സന്നദ്ധരായെന്നും ഡോ.റഹ്മാന് പറഞ്ഞു. ലോകത്ത് ഇന്നേവരെ ആരും പരീക്ഷിക്കാത്തതും വളരെ സങ്കീര്‍ണ്ണമായതുമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകള്‍ ഇതിനായി നടത്തി. ഇത് വിജയമായതോടെ ഈ അവസ്ഥ നേരിടുന്ന അനേകം ദമ്പതികളുടെ ജീവിതത്തിന് പ്രത്യാശ നല്‍കാനാകുമെന്നും ഡോ.ഹഫീസ് ആശുപത്രിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗര്‍ഭത്തിന്റെ എട്ടാം ആഴ്ച്ചയില്‍ പ്രെഗ്നന്റ് യൂട്ടറിന്‍ മെട്രോപ്ലാസ്റ്റി എന്ന അത്യാധുനിക ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ, പന്ത്രണ്ടാമത്തെ ആഴ്ച്ചയില്‍ ഗര്ഭപാത്രത്തിന്റ കവാടം ബലപ്പെടുത്തുന്നതിനായി പാപ്രോസ്കോപ്പിക് സെര്‍വിക്കല്‍ എന്‍സിര്‍ക്ലേജ് ശസ്ത്രക്രിയയും നടത്തി.
ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തില്‍ പ്ലാസന്റ ഗര്‍ഭപാത്ര ഭിത്തിയിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിചെല്ലുന്ന പ്ലാസന്റ അക്രീറ്റ സ്പെക്ടം എന്ന അതിസങ്കീര്‍ണ്ണമായ അവസ്ഥ എം.ആര്.ഐ സ്കാനിംഗില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രസവ സമയത്ത് ഉണ്ടായേക്കാവുന്ന കടുത്ത രക്തസ്രാവം തടയാന്‍ പ്രത്യേക രക്തക്കുഴലുകള്‍ ബന്ധിക്കുകയും, മൂത്ര സഞ്ചിക്കുണ്ടായ തകരാറുകള്‍ പരിഹരിച്ച് സിസേറിയന് വിജയകരമാക്കി പൂര്‍ത്തിയാക്കി ഗര്‍ഭപാത്രം പൂര്‍ണ്ണമായും സുരക്ഷിതമാക്കി. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടതെന്നും ഡോ. ഹഫീസ് പറഞ്ഞു. സര്‍വ്വ പ്രതീക്ഷയും നഷ്ടപ്പെട്ടാണ് തങ്ങള്‍ സണ്‍റൈസ് ആശുപത്രിയില്‍ എത്തിയതെന്നും, ഡോ.ഹഫീസും, മറ്റ് ജീവനക്കാരും നല്കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും രേഷ്മയും ശ്രീജിത്തും പറഞ്ഞു.

