കൊച്ചി: രാജ്യത്ത് പെട്രോളിന്റെയും എൽപിജി ഗ്യാസിന്റെയും വിതരണം സുഗമമായി തുടരുകയാണെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനക്ഷാമമെന്ന പ്രചാരണങ്ങൾക്ക് പിന്നാലെയാണ് വിശദീകരണം.സംഘർഷത്തിന് ശേഷം രാജ്യത്ത് 3.8 കോടി ലിറ്റർ പെട്രോളും 6.9 കോടി ലിറ്റർ ഡീസലും വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. 9951 ടാങ്കറുകളിലൂടെ പമ്പുകളിലേക്ക് ഇന്ധനം എത്തിച്ചു. ഏപ്രിൽ 4ന് മാത്രം 14.40 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.വിതരണത്തിലെ ക്രമക്കേടുകൾ തടയാൻ രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിൽ 53 വിതരണക്കാരെതിരെ നടപടി എടുത്തു. 20 ഏജൻസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതോടൊപ്പം 3163 സിലിണ്ടറുകൾ പിടിച്ചെടുത്തു.പാചകവാതക ക്ഷാമമില്ലെന്നും ഉപഭോക്താക്കൾ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു. അംഗീകൃത വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ടോൾ ഫ്രീ നമ്പർ എന്നിവ വഴി സിലിണ്ടർ ബുക്കിംഗ് സൗകര്യമുണ്ടെന്നും അറിയിച്ചു.

