ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ T-72, T-90 പ്രധാന യുദ്ധ ടാങ്കുകൾക്കായി ഓക്സിലറി പവർ യൂണിറ്റുകൾ (APU) വാങ്ങുന്നതിനായി പ്രമുഖ വ്യാവസായിക ഉപകരണ നിർമ്മാതാക്കളായ അക്യുറേറ്റ് ഇൻഡസ്ട്രിയൽ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
ടാങ്കുകളുടെ ഫയർ കൺട്രോൾ സിസ്റ്റം, ഫയറിംഗ് സർക്യൂട്ട്, ഗൺ സ്റ്റെബിലൈസേഷൻ സംവിധാനം എന്നിവയ്ക്ക് ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ ഓക്സിലറി പവർ യൂണിറ്റുകൾ സഹായിക്കും. സ്വദേശീയമായി വികസിപ്പിച്ചെടുത്ത ഈ സംവിധാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ആർമർഡ് വ്യൂഹങ്ങളുടെ പ്രവർത്തനക്ഷമതയും തയ്യാറെടുപ്പും വർദ്ധിപ്പിക്കും. ‘മേക്ക്-2’ (Make-II) പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഈ സംഭരണം പ്രതിരോധ മേഖലയിൽ ഭാരതത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും ‘വികസിത് ഭാരത് @2047’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള നിർണ്ണായക ചുവടുവെയ്പ്പാണ്.

