എഐ അധിഷ്ഠിത പുനരധിവാസ സംവിധാനങ്ങള്‍ കുട്ടികളുടെയും നാഡീസംബന്ധമായ രോഗങ്ങളുള്ള മുതിര്‍ന്നവരുടെയും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സഹായിക്കുമെന്ന് ജീവനീയം ഹോസ്പിറ്റല്‍സ് സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. രശ്മി പ്രമോദ് പറഞ്ഞു
കൊച്ചി: എഐ അധിഷ്ഠിത ഗെയിം അടിസ്ഥാനത്തിലുള്ള പുനരധിവാസ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ബീഏബിള്‍ ഹെല്‍ത്ത്, നാഡീരോഗബാധിതരായ കുട്ടികള്‍ക്കായി എഐ അധിഷ്ഠിത സഹകരണത്തിന് ജീവനീയം റിസര്‍ച്ച് സെന്റര്‍, ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍ട്രപ്രണര്‍ഷിപ്പ് (സിഎഫ്എച്ച്ഇ) ഐഐടി എന്നിവയുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സെറിബ്രല്‍ പാള്‍സി, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍, എഡിഎച്ച്ഡി എന്നിവയുള്‍പ്പെടെയുള്ള നാഡീവികസന സംബന്ധമായ അവസ്ഥകളുള്ള കുട്ടികള്‍ക്കായി ചെലവുകുറഞ്ഞ എഐ അധിഷ്ഠിത പുനരധിവാസ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ക്ലിനിക്കല്‍ തലത്തില്‍ പരിശോധിക്കുകയും ചെയ്യുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
ബീഏബിള്‍ ഹെല്‍ത്തിന്റെ സാങ്കേതികവിദ്യാ വൈദഗ്ധ്യം, ജീവനീയത്തിന്റെ ക്ലിനിക്കല്‍ പരിചയം, ഐഐടി ഹൈദരാബാദിന്റെ ഗവേഷണമികവ് എന്നിവ ഒരുമിപ്പിച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ പുനരധിവാസ സംവിധാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സഹകരണം ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രോട്ടോടൈപ്പിംഗ് സൗകര്യങ്ങള്‍, റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഗവേഷണ പിന്തുണ എന്നിവ ലഭ്യമാകും. ഇതിനോടനുബന്ധിച്ച് കൊച്ചിയില്‍ ആയുര്‍വേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും നടത്തുന്ന ജീവനീയം എന്‍എബിഎച്ച് മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച ജീവനീയം മെഡിപോളിസ് ഉദ്ഘാടനം ചെയ്തു.
എഐ അധിഷ്ഠിത പുനരധിവാസ സംവിധാനങ്ങള്‍ കുട്ടികളുടെയും നാഡീസംബന്ധമായ രോഗങ്ങളുള്ള മുതിര്‍ന്നവരുടെയും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സഹായിക്കുമെന്ന് ജീവനീയം ഹോസ്പിറ്റല്‍സ് സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. രശ്മി പ്രമോദ് പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യയിലെ സെറിബ്രല്‍ പാള്‍സി, ഓട്ടിസം, എഡിഎച്ച്ഡി പോലുള്ള അവസ്ഥകളോടെ ജീവിക്കുന്ന കുട്ടികളുടെ പുനരധിവാസം എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് ബീഏബിള്‍ ഹെല്‍ത്ത് സിഇഒയും സഹസ്ഥാപകനുമായ ഹബീബ് അലി പറഞ്ഞു.

