4കെ ഡോള്‍ബി അറ്റ്‌മോസില്‍ തേന്മാവിന്‍ കൊമ്പത്ത് എത്തുന്നു

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും അവിസ്മരണീയമായ ക്ലാസിക്കുകളിലൊന്നായ പ്രിയദര്‍ശന്‍ ചിത്രം തേന്മാവിന്‍കൊമ്പത്ത് 4കെ ദൃശ്യമികവില്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു.മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, കവിയൂര്‍ പൊന്നമ്മ, സുകുമാരി തുടങ്ങി പ്രമുഖര്‍ അഭിനയിച്ച ചിത്രം ഒക്‌ടോബര്‍ ഒന്നിനാണ് 4കെ ഡോള്‍ബി അറ്റ്‌മോസില്‍ വീണ്ടും റിലീസ് ചെയ്യുന്നത്. ഒറിജിനല്‍ സിനിമയുടെ ജീവനും തനിമയും ചോര്‍ന്നുപോകാതെ മികച്ച ദൃശ്യമികവോടെയും ആകര്‍ഷകമായ ശബ്ദാനുഭവത്തോടെയും ഈ പ്രിയപ്പെട്ട ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള അവസരമാണ് റീ-റിലീസിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ രംഗത്തെ ലോകോത്തര സ്ഥാപനമായ പ്രസാദ് കോര്‍പ്പറേഷന്‍, മാറ്റിനി നൗവുമായി കൈകോര്‍ത്താണ് ചിത്രം വീണ്ടുമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി സിനിമയുടെ ഒറിജിനല്‍ 35 എം.എം ഫിലിം പ്രിന്റ് 8കെയില്‍ സ്‌കാന്‍ ചെയ്യുകയും തുടര്‍ന്ന് സൂപ്പര്‍ 4കെ റസല്യൂഷനിലേക്ക് മാറ്റി മികച്ച രീതിയില്‍ റീസ്റ്റോര്‍ ചെയ്യുകയുമായിരുന്നു. ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് മിക്‌സും ചേര്‍ത്താണ് ചിത്രം വീണ്ടും പുറത്തിറങ്ങുന്നത്. ഫിലിം റീസ്റ്റോറേഷന്‍, സ്‌കാനിംഗ്, പോസ്റ്റ്-പ്രൊഡക്ഷന്‍ മേഖലകളിലെ വിദഗ്ദ്ധരാണ് ഇതിനായി അണിയറയില്‍ പ്രവര്‍ത്തിച്ചത്.
ഇന്നത്തെ തിയേറ്റര്‍ അനുഭവങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ചിത്രത്തിന്റെ ദൃശ്യപരമായ സവിശേഷതകളും സൂക്ഷ്മാംശങ്ങളും ആവിഷ്‌കാരലക്ഷ്യവും അതേപടി നിലനിര്‍ത്തി, സിനിമയുടെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ 4കെ ഡോള്‍ബി അറ്റ്‌മോസില്‍ പുതിയൊരു സിനിമാനുഭവം നല്‍കാന്‍, മാറ്റിനി നൗവുമായുള്ള തങ്ങളുടെ സഹകരണത്തിലൂടെ സാധ്യമായിട്ടുണ്ടെന്ന് പ്രസാദ് കോര്‍പ്പ് ഡയറക്ടറും സി.ടി.ഒയുമായ അഭിഷേക് പ്രസാദ് അഭിപ്രായപ്പെട്ടു.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ പുനരുദ്ധാരണത്തിലൂടെ തങ്ങള്‍ ഏറെ സന്തോഷത്തോടെ പൂര്‍ത്തീകരിച്ചതായി മാറ്റിനി നൗ മാനേജിംഗ് ഡയറക്ടര്‍ അജിത് രാജന്‍ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു