ബരിമല സന്നിധാനത്ത് സ്വര്‍ണ്ണം അടിച്ചുമാറ്റിയവരെ തിരിച്ചറിയണമെന്നും കേന്ദ്ര ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ആവേശം വിതറി കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ റോഡ് ഷോ ഇന്ന് പെരുമ്പാവൂരില്‍ നടന്നത്. പെരുമ്പാവൂരിലെത്തിയ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയെ ആചാര്യന്മാരുടെ നേതൃത്വത്തില്‍ താമ്പൂലം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ചെണ്ടമേളം, കാവടി, പ്രത്യേക വേഷങ്ങള്‍, ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ എന്നിവരുടെ അകമ്പടിയോടെ പെരുമ്പാവൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചുകൊണ്ട് നടന്ന റോഡ് ഷോ, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച് യാത്രിനിവാസില്‍ സമാപിച്ചു. കേരള സര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടുന്ന പണം എന്ത് ചെയ്യുന്നുവെന്നത് ദൈവത്തിന് പോലും അറിയില്ലെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ റോഡ് ഷോയില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെയും സത്യസന്ധമായുമാണ് താനിത് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സൗകര്യങ്ങള്‍ കൂടുമ്പോള്‍ കേരളത്തില്‍ കടമാണ് കൂടുന്നത്.
യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തെ പരമാവധി തകര്‍ച്ചയിലേക്ക് എത്തിച്ചു. കള്ളത്തരത്തിന്റെ കാര്യത്തില്‍ പരസ്പരം കൈകൊടുക്കുന്ന യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഇനി കേരളത്തിന് വേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് സ്വര്‍ണ്ണം അടിച്ചുമാറ്റിയവരെ തിരിച്ചറിയണമെന്നും കേന്ദ്ര ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സിപിഐഎം പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക് മാത്രം സേവനം ചെയ്യുന്നവരായി കേരളത്തിലെ ഇടതു സര്‍ക്കാര്‍ മാറി. മറ്റുള്ളവരെ ഇവര്‍ തിരിഞ്ഞു നോക്കുന്നില്ല. അതിനാല്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി പാത്തിയ്ക്കലിനെ വിജയിപ്പിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സഹമന്ത്രി ഭൂപതി രാജു ശ്രീനിവാസവര്‍മ്മ, ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്, ജില്ലാ സെക്രട്ടറി വി.കെ ഭസിത് കുമാര്‍, ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ മോളത്ത്, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ പി.ആര്‍.രാഗേഷ്, ലിഷ രാജേഷ് തുടങ്ങിയവരും സ്ഥാനാര്‍ഥി ജിബി പാത്തിക്കലും തുറന്ന വാഹനത്തില്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


