തദ്ദേശ സേവനങ്ങള്‍ ഇനി  24 മണിക്കൂറും:  കെസ്മാര്‍ട്ട് ലോഞ്ചില്‍ ലൈവ് ഡെമോണ്‍സ്‌ട്രേഷനും

കെസ്മാര്‍ട് മുഖേനയുള്ള കെട്ടിട രജിസ്‌ട്രേഷന്‍, ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുടെ ലൈവ് ഡെമോയും നടന്നു.
തിരുവനന്തപുരം: കെസ്മാര്‍ട്ടിന്റെ സേവനം ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി രാപകല്‍ വ്യത്യാസമില്ലാതെ എല്ലാ ദിവസവും ലഭ്യമാകും. നിറഞ്ഞ സദസ്സിന് മുന്‍പില്‍ പൗഢഗംഭീരമായി നടന്ന കെസ്മാര്‍ട് ത്രിതല പഞ്ചായത്തുകളിലേക്കുള്ള ലോഞ്ച് ശ്രദ്ധേയമായത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ തത്സമയം സദസ്സിന് മുമ്പാകെ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിച്ചതിലൂടെ. മന്ത്രിമാരായ എം.ബി രാജേഷ്, വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടികളില്‍ കെസ്മാര്‍ട് മുഖേനയുള്ള കെട്ടിട രജിസ്‌ട്രേഷന്‍, ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയവയുടെ ലൈവ് ഡെമോയും നടന്നു.

മന്ത്രി എം.ബി രാജേഷിന്റെ പാലക്കാടുള്ള വീടിന്റെ ബില്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് കെസ്മാര്‍ട്ട് മുഖേന ഓണ്‍ലൈനായി വേദിയില്‍ ഡൗണ്‍ലോഡ് ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കാണികള്‍ക്കായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒപ്പം തത്സമയം മന്ത്രിയുടെ ഫോണില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റും കാണികള്‍ക്ക് മുന്നില്‍ ദൃശ്യമാക്കി.കെസ്മാര്‍ട്ട് മുഖേന വിവാഹ രജിസ്‌ട്രേഷനായുള്ള വീഡിയോ കെവൈസി ഓണ്‍ലൈനായി ചെയ്യുന്നതിന്റെ ഡെമോ വീഡിയോ തത്സമയം പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. നവ ദമ്പതികളായ വൈഷ്ണവ്, അശ്വതി എന്നിവരുടെ വിവാഹ രജിസ്‌ട്രേഷനാണ് കെസ്മാര്‍ട്ടിന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യമായ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശേഷം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മന്ത്രിമാരായ ജി.ആര്‍ അനില്‍, എം.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. രണ്ട് സ്ഥലങ്ങളിലുള്ള, രണ്ട് രാജ്യങ്ങളിലുള്ള ദമ്പതികള്‍ക്കാണെങ്കില്‍ പോലും കെസ്മാര്‍ട് മുഖേന എളുപ്പത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുവാനാകും. കെസ്മാര്‍ട്ട് വഴി പ്രോപ്പര്‍ട്ടി ടാക്‌സ് ഓണ്‍ലൈന്‍ രസീത് നല്‍കല്‍ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു