‘വിക്‌സിത് കൃഷി സങ്കല്‍പ് അഭിയാന്‍’: കൂടുകൃഷിയും കടല്‍പായല്‍ കൃഷി സാങ്കേതികവിദ്യകളും പ്രചരിപ്പിക്കാന്‍ സിഎംഎഫ്ആര്‍ഐ 

മത്സ്യ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും നേരില്‍ സംവദിക്കാന്‍ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തും
കൊച്ചി: മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും കൂടുമത്സ്യകടല്‍പായല്‍ കൃഷിരീതികളും പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ശാസ്ത്രജ്ഞര്‍ മത്സ്യ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും നേരിട്ട് ഇടപഴകുന്ന സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ ‘വിക്‌സിത് കൃഷി സങ്കല്‍പ് അഭിയാനി’ന്റെ ഭാഗമായാണ് പരിപാടി.മത്സ്യോല്‍പാദനം കൂട്ടുക, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബദല്‍ ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തും. കൂടു മത്സ്യകൃഷി, സമുദ്ര അലങ്കാര മ്ത്സ്യകൃഷി, കക്ക വളര്‍ത്തല്‍, മുത്തുച്ചിപ്പി വളര്‍ത്തല്‍, കടല്‍പ്പായല്‍ കൃഷി, നൂതന മത്സ്യ പ്രജനന സാങ്കേതികവിദ്യകള്‍, ശാസ്ത്രീയ തീരദേശ മത്സ്യകൃഷി തുടങ്ങിയ നൂതന രീതികള്‍ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ നേരിട്ട് കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തും. മത്സ്യമേഖലയില്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

കൃഷി സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതിലൂടെ ഉല്‍പാദനം കൂട്ടാനാണ് ശ്രമം.  2047ഓട് കൂടി സമുദ്രകൃഷിയിലൂടെയുള്ള മത്സ്യോല്‍പാദനം 25 ലക്ഷം ടണ്ണായി ഉയര്‍ത്താനാണ് സിഎംഎഫ്ആര്‍ഐ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. നിലവില്‍ ഈ മേഖലയില്‍ ഒന്നര ലക്ഷം ടണ്‍ മാത്രമാണ് ഉല്‍പാദനം.കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ചാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ‘വിക്‌സിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍’ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 2000 ശാസ്ത്ര സംഘങ്ങള്‍ രാജ്യമാകെ കാമ്പയിനിന്റെ ഭാഗമാകും.  കേരളത്തില്‍, 36 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സിഎംഎഫ്ആര്‍ഐയുടെ സംഘം കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി സഹകരിച്ച് എല്ലാ ജില്ലകളിലും പര്യടനം നടത്തും. വിവിധ തീരദേശ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന സിഎംഎഫ്ആര്‍ഐയുടെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളും അതത് മേഖലയിലെ  കാമ്പയിനില്‍ പങ്കെടുക്കും.സാങ്കേതിക അവബോധത്തിനൊപ്പം, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും സംഘം ചോദിച്ചറിയും. കര്‍ഷക വിഭാഗങ്ങളുടെ ആവശ്യകതക്കനുസരിച്ച് ഗവേഷണങ്ങളെ മാറ്റാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.വ്യാഴാഴ്ച ഒഡീഷയിലെ പുരിയില്‍ ഔദ്യോഗികമായി ആരംഭിച്ച ഈ രാജ്യവ്യാപക കാംപയിനിന് നേതൃത്വം നല്‍കുന്നത്  കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു