പകര്‍ച്ച വ്യാധികളുടെ വ്യാപനം വര്‍ധിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പുകളിലൂടെ ഇത് പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും.
കൊച്ചി: പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധകുത്തിവെയ്പ്പുകള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ്ബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന്, സയന്റിഫിക്ക് ചെയര്മാന് ഡോ. രാജീവ് ജയദേവന്, ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റുമാരായ ഡോ. എം. ഐ ജുനൈദ് റഹ്മാന്, ഡോ. എം. നാരായണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പകര്‍ച്ച വ്യാധികളുടെ വ്യാപനം വര്‍ധിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പുകളിലൂടെ ഇത് പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ പദ്ധതിയില്‍ വരണം. എങ്കില്‍ മാത്രമെ വാക്സിനുകളുടെ വില കുറയുകയുള്ളുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഐ.എം.എ കൊച്ചി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സര്‍ക്കാര്‍ നല്കിയാല് മാത്രമെ ഇത്തരം യജ്ഞങ്ങള്‍ പൂര്‍ണ്ണമായിവിജയിക്കുകയുള്ളുവെന്നും ഇവര്‍ വ്യക്തമാക്കി.മാരകമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ശക്തി മനുഷ്യര്‍ക്ക് ലഭിക്കുന്നത് ജനിച്ചു വീഴുമ്പോള്‍ മുതല്‍ ലഭിക്കുന്ന പ്രതിരോധ കുത്തിവെയ്പുകളിലൂടെയാണ്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്രതിരോധ കുത്തിവെയ്പുകള്‍ നിര്‍ണ്ണായ പങ്കാണ് വഹിക്കുന്നത്. യൂണിവേഴ്സല്‍ ഇമ്മ്യുണൈസേഷന്‍ നടപ്പിലായതിനു ശേഷം മരണകാരണമായിട്ടുള്ള അണുബാധ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ജനിച്ചു വീഴുന്ന മുഴുവന്‍ കുട്ടികള്‍ക്കും അണുബാധകള്‍ ഉണ്ടാകണമെന്നില്ല. അണുബാധകള്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വാക്സിനുകള്‍ സുരക്ഷിത കവചം ഒരുക്കുമെന്നും ഐ.എം.എ കൊച്ചി ഭാരവാഹികള്‍ വ്യക്തമാക്കി. എല്ലാ രോഗങ്ങള്‍ക്കും വാക്സിനുകള്‍ ലഭ്യമല്ല. അതേ സമയം ചില രോഗങ്ങള്‍ വാക്സിനുകള്‍ കൊണ്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും. 22 രോഗങ്ങള്‍ തടയാനുള്ള കുത്തിവെയ്പുകള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്. മുതിര്‍ന്നവരുടെ വാക്സിനേഷനു ആരും തന്നെ പ്രാധാന്യം കൊടുക്കാറില്ല. പ്രതിരോധ വാക്സിന് കുട്ടികള്‍ക്കുളളതാണെന്നും മുതിര്‍ന്നവര്‍ക്ക് ഇത് ആവശ്യമില്ലെന്നുമാണ് പലരുടെയും ധാരണ. ഇത് ശരിയല്ല. പ്രായം കൂടുന്നതനുസരിച്ച് ഒരോരുത്തരുടെയും പ്രതിരോധ ശക്തി കുറഞ്ഞുകൊണ്ടിരിക്കും, അതിനനുസരിച്ച് രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ വാക്സിനുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. പ്രതിരോധ ശേഷി കുറയുമ്പോഴാണ് അണുബാധയുണ്ടാകുന്നത്.
എല്ലാ അണുബാധകളെയും തടയാന്‍ വാക്സിനുകള്‍ക്ക് കഴിയില്ല. ചില അണുബാധകള്‍ക്ക് ഫലപ്രദമാകുമ്പോള്‍ മറ്റു ചിലതിന് പൂര്‍ണ്ണതോതില്‍ സാധ്യമാകണമെന്നില്ല. കോവിഡ് വാക്സിന് ആറു മാസത്തിനപ്പുറത്തേയ്ക്ക് അണുബാധ തടയാന്‍ കഴിയില്ലെങ്കിലും വാക്സിന് എടുത്തവരില്‍ വീണ്ടും അണുബാധയുണ്ടായാല്‍ അതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കും. അതേ സമയം ചിക്കന്‍ പോക്സ്, ഹെപ്പറ്റൈറ്റിസ് എ, ബി വാക്സിനുകള്‍ എടുത്താല്‍ പിന്നീട് രോഗം വരില്ല. പല വാക്സിനുകളും പല രീതിയിലുള്ള സംരക്ഷണമാണ് നല്‍കുന്നത്. വളരെ അപൂര്‍വമായ രോഗങ്ങളെ വാക്സിന് കൊണ്ട് തടയാന്‍ കഴിയില്ല. ഗുരുതരമായതും വാക്സിന് കൊണ്ട് തടുക്കാനാകുന്നതും താരതമ്യേന സാധാരണവുമായ രോഗങ്ങള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ സാധ്യമാകുന്നത്. അതേസമയംതന്നെ വാക്സിന് സ്വീകാര്യമായിരിക്കുകയും സുരക്ഷിതമായിരിക്കുകയും വേണം. ഇന്‍ഫ് ളുവന്‍സ, ഹെപ്പറ്റൈറ്റിസ്(മഞ്ഞപ്പിത്തം), ചിക്കന്‍പോക്സ്, ഷിംഗിള്‍സ്, ബാക്ടീരിയല്‍ ന്യുമോണിയ എന്നിവയ്ക്കെതിരെയുള്ള വാക്സിനുകള്‍ ഫലപ്രദമാണ്. പ്രായമവര്‍ ഈ വാക്സിനുകള്‍ സ്വീകരിക്കുന്നത് ഏറെ ഉത്തമമായിരിക്കും. ഒമ്പതിനും 26 നുമിടയില്‍ പ്രായമുള്ള കുട്ടികളും യുവതിയുവാക്കള്‍ക്കും ഹ്യുമന്‍ പാപ്പിലോമ വൈറസിനെതിരെയുള്ള എച്ച്പിവി വാക്സിന് എടുക്കുന്നത് ഏറെ ഗുണകരമായിരിക്കും. പ്രത്യേകിച്ച് സ്്ത്രീകള്‍ക്ക്. സ്ത്രീകളിലെ ഗര്‍ഭാശയമുഖ ക്യാന്‍സറിനെതിരെയുളള മികച്ച വാക്സിനാണിത്.സ്ത്രീകളില്‍ ഇന്ന് ഉണ്ടാകുന്നതില്‍ ഒന്നാമതുള്ളത് സ്തനാര്‍ബുദമാണ് അതു കഴിഞ്ഞാല്‍ കണ്ടുവരുന്നത് ഗര്‍ഭാശയമുഖ ക്യാന്‍സറാണ് എച്ച്പിവി വാക്സിന് ഇതിനെതിരെയുള്ള മികച്ച പ്രതിരോധമാണെന്നും ഐ.എം.എ കൊച്ചി ഭാരവാഹികള്‍ വ്യക്തമാക്കി. ചെറിയ കുട്ടികള്‍ മുതല്‍ വലിയ കുട്ടികള്‍ക്കുവരെ വ്യാപകമായി ഉണ്ടാകുന്ന രോഗമാണ് ന്യൂമോണിയ. പലപ്പോഴും വലിയ അപകടകാരിയായി മാറുന്നുണ്ട്. ഇതിനെ ഫലപ്രദമായി തടയുന്നതിനുളള വാക്സിന് ലഭ്യമാണ്. മുതര്‍ന്നവര്‍ പ്രത്യേകിച്ച് 60 വയസ് കഴിഞ്ഞവര്‍ നിര്‍ബന്ധമായും ഈ വാക്സിന് എടുക്കുന്നത് വലിയ തോതില്‍ ഗുണം ചെയ്യും. വാക്സിനുകള്‍ക്കുവേണ്ടി ചിലവാക്കുന്ന തുക അത്തരം രോഗത്തിന്റെ ചികില്‍സാ ചെലവിന്റെ എത്രോയെ ചെറുതാണെന്ന കാര്യം ഓര്‍ക്കണം. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരമാകുമ്പോള്‍ കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. എത്രയോ ലക്ഷങ്ങളായിരിക്കും അതിനുവേണ്ടി വരികയെന്ന കാര്യം ഓര്‍ക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ 7,326 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ 49 പേര് മരിച്ചതായിട്ടാണ് ഒദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എലിപ്പെനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ നിലവില്‍ വാക്സിനുകളില്ല. എലിപ്പെനിയ്ക്കേതിരെ പ്രതിരോധ ഗുളിക ഉണ്ട്. ഡെങ്കിപ്പനിക്കെതിരെയുള്ള വാക്സിനു ട്രയല്‍ സ്റ്റേജിലാണെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ഐ.എം.എ കൊച്ചിന് ഭാരവാഹികള്‍ വ്യക്തമാക്കി.
ഇന്‍ഫ് ളുവന്‍സ
വൈറല്‍ രോഗമാണ് ഇന്‍ഫ് ളുവന്‍സ. പനിയും ചുമയും പിടിപെട്ട് മരിച്ചു പോകുന്നതില്‍ നല്ലൊരുപങ്കും ഇന്‍ഫ് ളുവന്‍സ മൂലമാണ്. പ്രായഭേദമെന്യേ ഇന്‍ഫ് ളുവന്‍സ മരണത്തിന് കാരണമാകുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതിരോധത്തിന് ഇന്‍ഫല്‍വന്‍സ വാക്സിന് ഗുണകരമാണ്. ലോകാരോഗ്യ സംഘടന എല്ലാവര്‍ഷവും ഇന്‍ഫ് ളുവന്‍സ വാക്സിന് പുതുക്കാറുണ്ട്്. ഇതിന് കാരണം ഒരു വൈറസല്ല, മറിച്ച് അനേകം തരത്തിലുള്ള വൈറസുകളാണ് രോഗം ഉണ്ടാക്കുന്നത് എന്നതാണ്. ഒരോ വര്‍ഷവും രോഗകാരണമാകുന്ന വൈറസ് വ്യത്യസ്ത മായിരിക്കും. ഓരോ വര്‍ഷവും പ്രാബല്യത്തിലുള്ള ഏതൊക്കെ വൈറസുകളാണെന്ന് ഭൂമിയുടെ പലഭാഗത്തുനിന്നും കണക്കുകൂട്ടിയ ശേഷമാണ് ഈ വാക്സിന് നിര്‍മിക്കുന്നത്. എന്നുവച്ച് മുന്‍ വര്‍ഷം എടുത്തവാക്സിന് ഈ വര്‍ഷം ഫലപ്രദമാകില്ല എന്നല്ല അര്‍ഥം മറിച്ച് ഒരോവര്‍ഷവും ഇന്‍ഫ് ളുവന്സയ്ക്ക് കാരണമാകുന്ന വൈറസ് വ്യത്യാസമായിരിക്കുമെന്നതിനാല്‍ വാക്സിനിലും വ്യത്യാസം വരും. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില്‍ എല്ലാ വര്‍ഷവും സാധാരണയായി ഇന്‍ഫ് ളുവന്‍സ വാക്സിന് എടുക്കാറുണ്ട്്. ഫ് ളൂവാക്സിന് എടുത്തവരില്‍ പില്ക്കാലത്ത് ഹൃദയാഘാതസാധ്യത വാക്സിന് എടുക്കാത്തവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ ഒദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 3728 ഇന്‍ഫ് ളുവന്‍സ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹെപ്പറ്റൈറ്റിസ് എ
ഹെപ്പറ്റൈറ്റിസ് എ പോലുള്ള മഞ്ഞപ്പിത്ത രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ വാക്സിന് എടുക്കേണ്ടത് അനിവാര്യമാണ്. വാക്സിന് എടുക്കാനുള്ളതിന്റെ ചെലവ് കൂടുതലായതുകൊണ്ടുതന്നെ യൂണിവേഴ്സല്‍ വാക്സിന് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുതിര്‍ന്നവര്‍ ഈ വാക്സിന് എടുക്കുന്നത് ഗുണകരമാണ്. അതേസമയം രോഗം വന്നുപോയവരും കുട്ടിക്കാലത്ത് വാക്സിന് എടുത്തവരും പിന്നീട് എടുക്കേണ്ടതില്ല. കുട്ടികളിലുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ഗുരുതരമാകാറില്ല. എന്നാല്‍ മധ്യവയസിനുശേഷമാണ് രോഗം പിടിപെടുന്നതെങ്കില്‍ കുട്ടിക്കാലത്തെ അപേക്ഷിച്ച് മരണസാധ്യത കൂടുതലാണ്.
ചിക്കന്‍പോക്സ്
ചിക്കന്‍പോക്സ് സാധാരണ ഗുരുതരമാകുന്നത് ഗര്‍ഭിണികളിലാണ്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ചിക്കന്‍പോക്സ് വന്നിട്ടില്ലാത്തവര്‍ വിവാഹപ്രായം ആകുന്നതിനു മുന്‍പ് വാക്സിന് എടുക്കേണ്ടതുണ്ട്്. രോഗം പിടിപെട്ടവരിലാകട്ടെ ഈ വൈറസ് ശരീരത്തില്‍ തന്നെ ശേഷിക്കും. ശരീരത്തില്‍നിന്ന് വിട്ടുപോകുന്ന ഒന്നല്ല ചിക്കന്‍പോക്സ് വൈറസ്. നട്ടെല്ലിന് രണ്ട് വശത്തുമുള്ള ന്യൂറല്‍ ഗാംഗ്ലിയയ്ക്കകത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാകും വൈറസ് ഉണ്ടാകുക. പ്രതിരോധ വ്യവസ്ഥ ശക്തമായി ഈ വൈറസിനെ അടക്കി വച്ചിരിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥയില്‍ വൈറസ് നിശ്ശബ്ദമായി ശരീരത്തിനുള്ളിലിരിക്കുന്നത്. എന്നാല്‍ 50 വയസ് പിന്നിടുന്നതോടെ പ്രതിരോധ വ്യവസ്ഥയുടെ ശക്തി കുറയും. ഈ സമയത്ത് വൈറസ് ഉണര്‍ന്നുവന്ന് ഗാംഗ്ലിയയുമായി ബന്ധത്തിലുള്ള നാഡികള്‍ വഴി ചര്‍മത്തിലേക്ക് എത്തുകയും കഴുത്തിന് വശങ്ങളിലും സ്തനങ്ങളുടെ അടിഭാഗത്തും നെഞ്ചിലും മുഖത്തും തുടങ്ങിയുള്ള ഭാഗങ്ങളില്‍ പൊള്ളിയ പാടുകള്‍ പോലെയുള്ള ചര്‍മരോഗം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇവ കഠിനമായവേദന ഉണ്ടാാക്കുകയും ആഴ്ചകള്‍ കൊണ്ട്് ഭേദപ്പെട്ടാല്‍പോലും ഈ നാഡീപ്രദേശത്ത് വേദന നിലനില്ക്കുകയുംചെയ്യും. ഇത് തടയാന്‍ 50 വയസ് കഴിഞ്ഞവര്‍ക്ക് ഷിങ്കിള്‍സ് വാക്സിന് എടുക്കാവുന്നതാണ്.
ബാക്ടീരിയല്‍ ന്യുമോണിയ
മുതിര്‍ന്നവരെ കൂടുതലായും ബാധിക്കുകയും മരണകാരണമാകുകയും ചെയ്യുന്ന ഒന്നാണ് ന്യുമോണിയ. ബാക്ടീരിയല്‍ ന്യുമോണിയയുടെ പ്രധാന കാരണമായ ന്യൂമോകോക്കസിനെ തടയാന്‍ ഫലപ്രദമായ വാക്സിന് ഉണ്ട്്. മേല്‍പ്പറഞ്ഞവ എല്ലാം തന്നെ നമ്മുടെ ജീവന് രക്ഷിക്കാനുള്ള വാക്സിനുകളാണ്. എന്നാല്‍ കാന്‍സര്‍ രോഗം പ്രതിരോധിക്കാനുള്ള ഒന്നാണ് എച്ച്പിവി വാക്സിന്. ഗര്‍ഭാശയമുഖ കാന്‍സര്‍ (സെര്‍വിക്കന്‍ കാന്‍സര്‍)പ്രതിരോധത്തിന് ലിംഗഭേദമന്യേ എല്ലാവരും ഈ വാക്സിന് എടുക്കേണ്ടതുണ്ട്്. ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) കാരണമാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ഉണ്ടാകുന്നത്. വൈറസ് ഉള്ളവരുമായി ലൈംഗികബന്ധം വഴിയാണ് പെണ്‍കുട്ടികളില്‍ ഈ അണുബാധ പിടിപെടുന്നത്. അതില്‍ ചിലരില്‍ പിന്നീട് അര്‍ബുദമായിത്തീരുന്നു. എച്ച്പിവി ശരീരത്തില്‍ എത്തിപ്പെടുന്ന
എല്ലാവര്ക്കും അര്‍ബുദം ആകണമെന്നില്ല. വാക്സിന് എടുത്താല്‍ വൈറസ് പിടിപെടുകയില്ല. അങ്ങനെ ഈസര്ക്യൂട്ടില് സജീവമായി സഞ്ചരിക്കാനാവാതെ വൈറസിനെ തളച്ചിടുക എന്നതാണ് വാക്സിന്‍കൊണ്ട് ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കാണ് അര്‍ബുദരോഗം പിടിപെടുന്നതെങ്കിലും വൈറസ് രോഗവാഹകരാകാന്‍ ഇടയുള്ളതിനാല്‍ ആണ്‍കുട്ടികള്‍ക്കും വാക്സിന്എടുക്കേണ്ടതുണ്ട്്. അതിനാല്‍ ടീനേജിലുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വാക്സിന് എടുക്കുന്നത് പില്ക്കാലത്ത് ഗുണം ചെയ്യും.
ഐ.എം.എ ഷീല്‍ഡ്
ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഐ.എം.എ ഷീല്‍ഡ് എന്ന പേരില്‍ പ്രതിരോധ വാക്സിന് കുത്തിവെയ്പ്പു ക്യാംപ് നടത്തി. കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ക്യാംപില്‍ ആയിരത്തോളം ഡോക്ടമാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 2,200 ഓളം പേര് പങ്കെടുത്ത് പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചതായും ഐ.എം.എ കൊച്ചിന് ഭാരവാഹികള്‍ വ്യക്തമാക്കി

