ചെന്നൈയില്‍ നടന്ന പാസഞ്ചര്‍ വെഹിക്കിള്‍ എക്‌സ്‌പോ 2.0ലാണ് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്.
കൊച്ചി: ടാറ്റ മോട്ടോഴ്‌സ്, ഗ്രീന്‍ എനര്‍ജി മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് 100 മാഗ്‌ന ഇവി ഇന്റര്‍സിറ്റി കോച്ചുകള്‍ വിതരണം ചെയ്യും. ചെന്നൈയില്‍ നടന്ന പാസഞ്ചര്‍ വെഹിക്കിള്‍ എക്‌സ്‌പോ 2.0ലാണ് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്. ഓള്‍ഇലക്ട്രിക് മാഗ്‌ന ഇവി കോച്ചിന് ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി 44 എര്‍ഗോണോമിക് സീറ്റുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തിലുണ്ട്.യൂണിവേഴ്‌സല്‍ ബസ് സര്‍വീസസിന്റെ ഇവി വിഭാഗമാണ് ഗ്രീന്‍ എനര്‍ജി മൊബിലിറ്റി സൊല്യൂഷന്‍സ്. തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍.ബി രാജയുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ പൊതുഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കുറഞ്ഞ പ്രവര്‍ത്തനച്ചെലവും കാര്‍ബണ്‍ ബഹിര്‍ഗമനവും ഉള്ള ഈ ബസുകള്‍ സുസ്ഥിര ഗതാഗതത്തോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നുവെന്ന് ഗ്രീന്‍ എനര്‍ജി മൊബിലിറ്റി സൊല്യൂഷന്‍സ് ഡയറക്ടര്‍ സുനില്‍ കുമാര്‍ രവീന്ദ്രന്‍ പറഞ്ഞു. ഇന്ത്യയിലെ ഇലക്ട്രിക് ബസ് വിഭാഗത്തില്‍ മുന്‍നിരയിലുള്ള ടാറ്റ മോട്ടോഴ്‌സ്, സ്റ്റാര്‍ബസ് ഇവി, അള്‍ട്രാ ഇവി, മാഗ്‌ന ഇവി തുടങ്ങിയ വിവിധ മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്. 11 നഗരങ്ങളിലായി 3,600ലധികം ടാറ്റ ഇലക്ട്രിക് ബസുകള്‍ ഇതിനോടകം സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസുകള്‍ 34 കോടി കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് 95% പ്രവര്‍ത്തനക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. ട്രാക്കിംഗിനും ഫ്‌ലീറ്റ് മാനേജ്‌മെന്റിനുമായി ഫ്‌ലീറ്റ് എഡ്ജ് എന്ന കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമും ഈ ബസുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

