ലക്ഷദ്വീപ് ചൂരക്ക് ആഗോള ഇക്കോലേബലിംഗ്; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ 

സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതല്‍കൂട്ടാകുന്നതാണ് ഈ നീക്കമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞു.
കൊച്ചി: പരമ്പരാഗത മത്സ്യബന്ധനരീതികള്‍ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ) ആഗോള ഇക്കോലേബലിംഗ് ടാഗ് നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കുറഞ്ഞ പാരിസ്ഥിതിക ആഘാതവും സുസ്ഥിരവുമായ ലക്ഷദ്വീപിലെ പോള്‍ആന്റ്‌ലൈന്‍ ഉപയോഗിച്ച് പിടിക്കുന്ന ചൂരക്ക് അന്താരാഷ്ട്ര രംഗത്തെ അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞു.
ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചിയില്‍ നടത്തിയ ഉന്നതതല കൂടിയാലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതല്‍കൂട്ടാകുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോല്‍പന്നങ്ങള്‍ സുസ്ഥിര രീതികകളിലൂടെ ലഭിച്ചതാണെന്ന് ഉറപ്പാക്കുന്നതാണ് ഇക്കോലേബലിംഗ് മുദ്രകള്‍. അന്താരാഷ്ട്ര വിപണികളില്‍ സുസ്ഥിരത ടാഗുള്ള സീഫുഡ് ഉല്‍പന്നങ്ങള്‍ക്ക് സ്വീകാര്യതയും ഉയര്‍ന്ന വിലയും ലഭിക്കും. ദ്വീപിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയര്‍ത്താനും ഈ നടപടി കാരണമാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

കടല്‍പായല്‍ കൃഷിക്കും അലങ്കാരമത്സ്യ കൃഷിക്കും ലക്ഷദ്വീപില്‍ മികച്ച സാധ്യതയാണുള്ളത്. ആഴക്കടല്‍ മത്സ്യബന്ധനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു.നീതി ആയോഗ്, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി, വിവിധ ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങള്‍, നബാര്‍ഡ് എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡും ഫിഷറി സര്‍വേ ഓഫ് ഇന്ത്യയും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്.ലക്ഷദ്വീപിലെ നാലായിരം ചതുരശ്രമീറ്റര്‍ ലഗൂണ്‍ കടല്‍പായല്‍ കൃഷിക്ക് വളരെയേറെ അനുയോജ്യമാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍  പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ കടല്‍പായല്‍ ഹബ് ആയി മാറാന്‍ ലക്ഷദ്വീപിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍,  കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലക്ഷ് ലിഖി, ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക്, എന്‍എഫ്ഡിബി എക്‌സിക്കുട്ടീവ് ഡയറക്ടര്‍ ഡോ ബി കെ ബെഹറ, എഫ് എസ് ഐ ഡയറക്ടര്‍ ജനറല്‍ ഡോ കെ ആര്‍ ശ്രീനാഥ് സംസാരിച്ചു.നേരത്തെ, കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ സന്ദര്‍ശിച്ച് കേന്ദ്ര ഫിഷറീസ് സെക്രട്ടറി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ഹാര്‍ബര്‍ നവീകരണം, കോള്‍ഡ് ചെയിന്‍, പാക്കേജിംഗ്, മൂല്യവര്‍ധിത ഉല്‍പാദനം തുടങ്ങിയ വികസന നടപടികള്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു