‘ഇന്ത്യ-എഐ ദൗത്യം’ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

2026ലെ ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടിയ്ക്ക് മുന്നോടിയായിയാട്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ന്യൂഡല്‍ഹി: സുരക്ഷിതവും സമഗ്രവും ഉത്തരവാദിത്തപൂര്‍ണവുമായ നിര്‍മിതബുദ്ധി (എഐ) ഉപയോഗം എല്ലാ മേഖലകളിലും ഉറപ്പാക്കാന്‍ ‘ഇന്ത്യ-എഐ ദൗത്യ’ത്തിന് കീഴില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്  വിവരസാങ്കേതിക മന്ത്രാലയം ‘ഇന്ത്യ എഐ ഭരണനിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍’ പുറത്തിറക്കി. കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ ശാസ്ത്ര ഉപദേശകനായ പ്രൊഫ. അജയ് കുമാര്‍ സൂദ് മാര്‍ഗനിര്‍ദേശങ്ങള്‍  പ്രകാശനം ചെയ്തു. ഉത്തരവാദിത്തപൂര്‍ണമായ എഐ ഭരണനിര്‍വഹണത്തില്‍ ഇന്ത്യ  നേതൃസ്ഥാനം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ 2026ലെ ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടിയ്ക്ക് മുന്നോടിയായിയാട്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.അത്യാധുനിക നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകാനിടയുള്ള അപകടസാധ്യത ലഘൂകരിച്ച് എല്ലാവര്‍ക്കുമായി എഐ സുരക്ഷിതമായി വികസിപ്പിക്കാനും വിന്യസിക്കാനും ശക്തമായ ഭരണനിര്‍വഹണ ചട്ടക്കൂട് ഈ മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. ധാര്‍മികവും ഉത്തരവാദിത്തപൂര്‍ണവുമായ എഐ ഉപയോഗത്തിന് ഏഴ് മാര്‍ഗനിര്‍ദേശക തത്വങ്ങള്‍, എഐ ഭരണനിര്‍വഹണത്തിലെ ആറ് സ്തംഭങ്ങളിലും പ്രധാന ശിപാര്‍ശകള്‍, ഹ്രസ്വ,  ഇടത്തരം, ദീര്‍ഘകാല സമയപരിധികള്‍ രേഖപ്പെടുത്തിയ കര്‍മപദ്ധതി, സുതാര്യവും ഉത്തരവാദിത്തപൂര്‍ണവുമായ എഐ വിന്യാസം ഉറപ്പാക്കാന്‍ വ്യാവസായിക മേഖലയ്ക്കും ഡെവലപ്പര്‍മാര്‍ക്കും നിയന്ത്രണ സംവിധാനങ്ങള്‍ക്കും പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളാണ് ഈ ചട്ടക്കൂടിലുള്ളത്. സാധ്യമായ ഇടങ്ങളിലെല്ലാം നിലവിലെ നിയമങ്ങള്‍ തന്നെ ഉപയോഗിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണന്‍ പറഞ്ഞു. എല്ലാത്തിന്റെയും കേന്ദ്രബിന്ദു മനുഷ്യ കേന്ദ്രീകൃത സമീപനമാണ്.

നിര്‍മിതബുദ്ധി മനുഷ്യരാശിയെ സേവിക്കുന്നുവെന്നും അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനൊപ്പം തന്നെ ജന ജീവിതത്തിന് പ്രയോജനം ചെയ്യുന്നുവെന്നും ഉറപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഒരു ദോഷവും ചെയ്യരുതെന്ന ലളിതമായ മാര്‍ഗനിര്‍ദേശ തത്വമാണ് ഈ ചട്ടക്കൂടിന്റെ മനോഭാവത്തെ നിര്‍വചിക്കുന്നതെന്ന് ഇന്ത്യയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാര്‍ സൂദ് പറഞ്ഞു.   നൂതനാശയങ്ങള്‍ക്കായി പരീക്ഷണവേദികളൊരുക്കുന്നതിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റാവുന്ന സംവിധാനങ്ങളിലൂടെ അപകടസാധ്യത ലഘൂകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ-എഐ ദൗത്യം ഈ മേഖലയെ ശാക്തീകരിക്കുകയും  ദക്ഷിണാര്‍ധഗോള മേഖലയിലെ നിരവധി രാജ്യങ്ങള്‍ക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ എഐ ഉപയോഗത്തിന് ദേശീയ  അന്തര്‍ദേശീയ സഹകരണം വളര്‍ത്താന്‍ നയരൂപകര്‍ത്താക്കള്‍ക്കും ഗവേഷകര്‍ക്കും  വ്യാവസായികമേഖലയ്ക്കും അടിസ്ഥാന അവലംബമെന്ന നിലയിലാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഐഐടി മദ്രാസിലെ പ്രൊഫ. ബാലരാമന്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി അഭിഷേക് സിങ്, നീതി ആയോഗ്  വിശിഷ്ടാംഗം ദേബ്ജാനി ഘോഷ്, മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയിലെ മുതിര്‍ന്ന മുഖ്യ ഗവേഷകന്‍ ഡോ. കാലിക ബാലി, ട്രൈലീഗല്‍ പങ്കാളി രാഹുല്‍ മാത്തന്‍, നീതി ആയോഗ് നോണ്‍റെസിഡന്റ് ഫെലോ  അംലന്‍ മൊഹന്തി, ഐഎസ്പിഐആര്‍ടി ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍  ശരദ് ശര്‍മ, മന്ത്രാലയത്തിലെ ‘ജി’ ശാസ്ത്രജ്ഞയും ജിസിയും ഇന്ത്യഎഐ ദൗത്യത്തിലെ സിഒഒയുമായ കവിത ഭാട്ടിയ, മന്ത്രാലയത്തിലെ ‘ഡി’ ശാസ്ത്രജ്ഞന്‍ അഭിഷേക് അഗര്‍വാള്‍, ഡിഒടി ഡിഡിജി (ഐആര്‍) അവിനാഷ് അഗര്‍വാള്‍, ഇന്ത്യഎഐ ഡിജിഎം ശ്രീപ്രിയ ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന നയതന്ത്ര വിദഗ്ധരും  സമിതിയിലുണ്ടായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു