17 ഓളം ചാരിറ്റി സംഘടനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് കൂടാതെ ആശുപത്രികളില്‍ രോഗികള്‍ക്ക് അടക്കം സ്വന്തം നിലയില്‍ സൗജന്യ ഭക്ഷണവിതരണമുള്‍പ്പെടെ അനേകം കാരണ്യ പ്രവര്‍ത്തനങ്ങളാണ് മോറാന്‍ മോര് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവ സമൂഹത്തില്‍ നടത്തിവരുന്നത്.
കൊച്ചി: ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയ ഡോ. ജെ. അലക്സാണ്ടര്‍ പുരസ്കാരം മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ പരമാധ്യക്ഷന്‍ മോറാന്‍ മോര് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവയ്ക്ക് നവംബര്‍ 15 ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് സമ്മാനിക്കുമെന്ന് ഐ.സി.എം വൈസ് പ്രസിഡന്റ് വി.കെ വര്‍ഗ്ഗീസ്, മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. വി സാബു, അഡ്വ. ആശാ പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17 ഓളം ചാരിറ്റി സംഘടനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് കൂടാതെ ആശുപത്രികളില്‍ രോഗികള്‍ക്ക് അടക്കം സ്വന്തം നിലയില്‍ സൗജന്യ ഭക്ഷണവിതരണമുള്‍പ്പെടെ അനേകം കാരണ്യ പ്രവര്‍ത്തനങ്ങളാണ് മോറാന്‍ മോര് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവ സമൂഹത്തില്‍ നടത്തിവരുന്നത്.
അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള തങ്ങളുടെ ആദരം കൂടിയാണ് ഇത്തവണത്തെ പുരസ്ക്കാരം മോര് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവയ്ക്ക് നല്കാന് തീരുമാനിച്ചതെന്നും ഐ.സി.എം ഭാരവാഹികള്‍ പറഞ്ഞു. എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനത്തില്‍ ഐ.സി.എം പ്രസിഡന്റ് ഡോ. ജോണ്‍ ജോസഫ് ഐ.ആര്.എസ് അധ്യക്ഷത വഹിക്കും. അഡ്വ. കെ.വി സാബു എഴുതിയ ‘ ഹൗസ് ഓഫ് ലോര്ഡസ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. കെ.വി സാബുവിന്റെ മൂന്നാമത്തെ പുസ്തകമാണിത്.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പുസ്തകത്തിന്റെ കോപ്പി മുന്‍ ജഡ്ജി ജസ്റ്റിസ് മേരി ജോസഫിന് നല്കി പ്രകാശനം നിര്‍വ്വഹിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് ചടങ്ങില്‍ മുഖ്യ അതിഥിയായിരിക്കും. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഹൈബി ഈഡന് എം.പി, മുന്‍ എം.എല്‍.എ അഡ്വ. എം. എം മോനായി, കോര്‍എപ്പിസ്കോപ്പ റവ.ഫാ. ഐസക്ക്, അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസ്, പി.ബി ബോസ്, ലിസി ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.

