വൈവിധ്യങ്ങളുടെ സമന്വയമായി ബിനാലെ വേദികള്‍ 

നിലവിലുള്ള ഒമ്പത് വേദികള്‍ക്കും ഏഴ്  കൊലാറ്ററല്‍ വേദികള്‍ക്കും പുറമെ പന്ത്രണ്ട് പുതിയ വേദികള്‍ കൂടി ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: പൈതൃകത്തിന്റെയും സംസ്‌ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ് കൊച്ചി മുസിരിസ് ബിനാലെയുടെ (കെ.എം.ബി) ആറാം ലക്കത്തിന്റെ വേദികള്‍. നിലവിലുള്ള ഒമ്പത് വേദികള്‍ക്കും ഏഴ്  കൊലാറ്ററല്‍ വേദികള്‍ക്കും പുറമെ പന്ത്രണ്ട് പുതിയ വേദികള്‍ കൂടി ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമകൊച്ചി, വെല്ലിംഗ്ടണ്‍ ഐലന്‍ഡ് തുടങ്ങി എറണാകുളം വരെ വ്യാപിച്ചു കിടക്കുന്ന ഈ വേദികള്‍ ഡിസംബര്‍ 12 മുതല്‍ സമകാലീനകലയുടെ ആഗോളവിരുന്നിന് ആതിഥേയത്വം വഹിക്കും. ഓരോ വേദിയും ഈ നഗരത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കൂട്ടായ ഓര്‍മ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. 2012ല്‍ ബിനാലെ ആരംഭിച്ചതു മുതല്‍ തന്നെ പഴയതും ശൂന്യവുമായ മുന്‍ ഗോഡൗണുകളും ചരിത്രപരമായ കെട്ടിടങ്ങളും കലാപ്രദര്‍ശന വേദികളായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഉപയോഗിച്ച് വരുന്നുണ്ട്.
നിരന്തരമായ പരിണാമം സംഭവിക്കുന്ന സമകാലീന കലയുടെ സ്വഭാവത്തെയും ക്യൂററ്റോറിയല്‍ പ്രമേയത്തെയും പ്രതിധ്വനിക്കുന്ന വിധത്തിലാണ് ഓരോ വേദിയും തെരഞ്ഞെടുത്തതെന്ന് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വി.വേണു പറഞ്ഞു. എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ മുതല്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടണ്‍ ഐലന്‍ഡ് എന്നിവിടങ്ങളിലെ വേദികള്‍ കൊച്ചിയുടെ ജീവിതത്തിന്റെയും അതിജീവിച്ച കാലത്തിന്റെയും പര്യവേക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള 66 കലാകാരന്മാരുടെയും കൂട്ടായ്മകളുടെ സൃഷ്ടികളുമാണ് പ്രധാനവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് കൂടാതെ കേരളീയരായ 36 കലാകാരന്മാരുടെയും കൂട്ടായ്മകളുടെയും ക്യൂറേറ്റഡ് പ്രദര്‍ശനമായ ‘ഇടം’, രാജ്യത്തെ ഏഴ് മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കലാകാരന്മാര്‍ ക്യൂറേറ്റ് ചെയ്യുന്ന സ്റ്റുഡന്റ്‌സ് ബിനാലെ(എസ് ബി), കമ്മ്യൂണിറ്റികള്‍, കുട്ടികള്‍, കലാ അധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫൗണ്ടേഷന്റെ ഗവേഷണാധിഷ്ഠിത കലാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) എന്നിവയും വിവിധ വേദികളിലായി നടക്കും.  കൂടാതെ സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, നെറ്റ്‌വര്‍ക്കുകള്‍ എന്നിവയ്ക്കിടയില്‍ പങ്കാളിത്തം വളര്‍ത്തി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിയായ റെസിഡന്‍സി പോലുള്ള സമാന്തര പ്രദര്‍ശനങ്ങളും ഉണ്ടാകും. വേദികളിലെ ഒരുക്കങ്ങള്‍ അതിവേഗതയില്‍ നടക്കുകയാണ്. സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാള്‍ (എസ്.ബി, ഇന്‍വിറ്റേഷന്‍സ്), അര്‍ത്ഥശില, കൊച്ചി (എസ്.ബി), ജയില്‍ ഓഫ് ഫ്രീഡം സ്ട്രഗിള്‍ (ഇന്‍വിറ്റേഷന്‍സ്), വാട്ടര്‍ മെട്രോ (എ.ബി.സി) എന്നിവയാണ് ഫോര്‍ട്ട് കൊച്ചിയിലെ പുതിയ വേദികള്‍.                                                                                                                                                                                                                                                                                         .
മട്ടാഞ്ചേരിയിലെ ബസാര്‍ റോഡില്‍ ബി.എം.എസ് വെയര്‍ഹൗസ് (എസ്.ബി), 111 മര്‍ക്കസ് ആന്‍ഡ് കഫെ (കെ.എം.ബി), എസ്.എം.എസ് ഹാള്‍ (കെ.എം.ബി), ദേവസ്സി ജോസ് ആന്‍ഡ് സണ്‍സ് (ഇന്‍വിറ്റേഷന്‍സ്, റെസിഡന്‍സി), സിമി വെയര്‍ഹൗസ് (ഇന്‍വിറ്റേഷന്‍സ്), ക്യൂബ് ആര്‍ട്ട് സ്‌പേസസ് (ഇടം), സ്‌പേസ്, ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (കെ.എം.ബി, ഇന്‍വിറ്റേഷന്‍സ്, എസ്.ബി) എന്നിവയാണ് മട്ടാഞ്ചേരിയിലെ വേദികള്‍. വെല്ലിംഗ്ടണ്‍ ദ്വീപിലെ വാട്ടര്‍ മെട്രോ സ്‌റ്റേഷന് അടുത്താണ് ഐലന്‍ഡ് വെയര്‍ഹൗസ് (കെ.എം.ബി) സ്ഥിതി ചെയ്യുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ വേദികളെല്ലാം വാട്ടര്‍ മെട്രോ വഴി ബന്ധിപ്പിച്ചിരിക്കുന്നു. എറണാകുളത്തെ ദര്‍ബാര്‍ ഹാളും (കെ.എം.ബി) വാട്ടര്‍ മെട്രോ വഴിയും മറ്റ് ബോട്ട് സര്‍വീസുകള്‍ വഴിയും മറ്റ് ബിനാലെ വേദികളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഡച്ച് വാസ്തുവിദ്യയുടെ വിസ്മയമായ ഡേവിഡ് ഹാള്‍ (ഇന്‍വിറ്റേഷന്‍സ്), അര്‍ത്ഥശില കൊച്ചി, സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാള്‍, ആസ്പിന്‍വാള്‍ ഹൗസ് (കയര്‍ ഗോഡൗണ്‍, ഡയറക്ടര്‍ ബംഗ്ലാവ്), പെപ്പര്‍ ഹൗസ്, അര്‍മാന്‍ കളക്ടീവ് ആന്‍ഡ് കഫെ (ഇടം), ആനന്ദ് വെയര്‍ഹൗസ്, ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ (ഇടം) വി.കെ.എല്‍ വെയര്‍ഹൗസ്, പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ ഊട്ടുപുര (ഇന്‍വിറ്റേഷന്‍സ്) എന്നിവയാണ് ഫോര്‍ട്ട് കൊച്ചിയിലെ മറ്റ് വേദികള്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു