ഇന്ത്യയുടെ കടല്‍ചരിത്രം; രാജ്യത്തെ ഏറ്റവും നീളമേറിയ ചുവര്‍ചിത്രം കൊച്ചിയില്‍ 

ഇന്ത്യയുടെ കടല്‍ ചരിത്രം അവതരിപ്പിക്കുന്ന ചുമര്‍ചിത്ര പദ്ധതിയുടെ ബ്രോഷര്‍ കമഡോര്‍ വി. ഇസെഡ് ജോബിന് നല്‍കി  പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊച്ചി: ഇന്ത്യയുടേയും കേരളത്തിന്റെയും ചരിത്രമറിയാതെ യുവത്വം കടല്‍ കടക്കുകയും യൂറോപ്പും വിദേശ രാജ്യങ്ങളും മഹത്തരമാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കൊച്ചി ഷിപ്യാര്‍ഡ് സി. എം.ഡി മധു എസ്. നായര്‍ പറഞ്ഞു. ഇന്ത്യയുടെ കടല്‍ ചരിത്രം അവതരിപ്പിക്കുന്ന ചുമര്‍ചിത്ര പദ്ധതിയുടെ ബ്രോഷര്‍ കമഡോര്‍ വി. ഇസെഡ് ജോബിന് നല്‍കി  പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ലോക ജി.ഡി.പിയുടെ 30 ശതമാനം ഈ രാജ്യത്തായിരുന്നുവെന്ന് അവര്‍ അറിയുന്നില്ല. മഹത്തായ കടല്‍ ചരിത്രമുള്ള ഇന്ത്യയുമായി അറബികളും പാശ്ചാത്യരും കച്ചവടം നടത്തിയത് ഈ മാര്‍ഗ്ഗം ഉപയോഗിച്ചായിരുന്നു. നമ്മുടെ ചരിത്രത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഗതകാല കടല്‍ ചരിത്രം ഓര്‍മിപ്പിക്കാനും ചുമര്‍ചിത്ര പദ്ധതിയിലൂടെ സാധിക്കുമെന്ന് മധു എസ്. നായര്‍ പറഞ്ഞു.                                                                                                                                                                                                                                                                                             .
ബോംബെ, വിശാഖപട്ടണം, കൊച്ചി എന്നിവ നേരിട്ട് കടല്‍ ബന്ധമുള്ള ഇന്ത്യന്‍ നഗരങ്ങളാന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിക്ക് അനന്യമായ കടല്‍ചരിത്രമുണ്ട്. പക്ഷേ ഈ സമ്പന്നമായ പൈതൃകം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണമായും അവതരിപ്പിക്കപ്പെട്ടിട്ടില്ല.ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമഗ്രമായ സമുദ്രചരിത്രം ക്രമപദ്ധതിയില്‍ അവതരിപ്പിക്കുന്ന 1.3 കിലോമീറ്റര്‍ നീളമുള്ള ചുമര്‍ ചിത്രമാണ് ബികെആര്‍ജി തയ്യാറാക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുമര്‍ ചിത്രം ആവാനിടയുള്ളതിനാല്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനും വിവരം അറിയിക്കും.ചുമര്‍ചിത്ര രചനയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ബികെആര്‍ജിയില്‍ നിന്നും ഏറ്റെടുത്ത വൈസ് അഡ്മിറല്‍ പ്രേംസുതനാണ് ഇന്ത്യന്‍ നാവികസേനയുമായി  ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്.

കൊച്ചിയുടെ സമുദ്രചരിത്രത്തിന്റെ ഭാഗമാണ് ഷിപ്യാര്‍ഡ് എന്നതിനാല്‍ പദ്ധതിക്ക് പിന്തുണയും സ്‌പോണ്‍സര്‍ഷിപ്പും അവര്‍ നല്‍കുന്നുണ്ട്. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിനായി റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററും ബികെആര്‍ജിയുമായി സഹകരിക്കുന്നുണ്ട്. ചുവര്‍ ചിത്രം വരയ്ക്കുന്നതിന് സ്വന്തം സുരക്ഷാ മതിലിന്റെ പുറംഭാഗം ഇന്ത്യന്‍ നാവികസേന അനുവദിച്ചിട്ടുണ്ട്. നാവികസേനയിലെ ഓഫീസര്‍മാരുമായുള്ള ചര്‍ച്ചകളിലൂടെയാണ് സമുദ്രചരിത്രവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും രേഖകളും ലഭിച്ചത്. കൂടാതെ ഐ.എന്‍.എസ് ദ്രോണാചാര്യയിലെ നാവിക്കപ്പല്‍ മ്യൂസിയം സന്ദര്‍ശിക്കാനും അവര്‍ സൗകര്യം ഒരുക്കി. പാലറ്റ് ഗ്രൂപ്പിലെ സിറില്‍ ആണ് ക്യൂറേറ്ററായി ചുമതലയേറ്റിരിക്കുന്നത്. കലാകാരന്മാരോടൊപ്പം പ്രവര്‍ത്തിച്ച് ഓരോ പാനലിലേക്കും വരുന്ന ചരിത്രഘടകങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കും.                                                                                                                                                                                                                                                                                             .
ഏകദേശം 250 പാനലുകളായി മതില്‍ വിഭജിച്ചിട്ടുണ്ട്. ഓരോ പാനലിലും ഒരു പ്രമുഖ കലാകാരനും ഒന്നോ രണ്ടോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ആര്‍ട്ട് സ്റ്റുഡന്റ്‌സും ചേര്‍ന്ന് പ്രവര്‍ത്തിക്കും. യു വി കിരണങ്ങളും മഴയും ഈര്‍പ്പവും ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രത്യേക പെയിന്റുകള്‍ തയ്യാറാക്കുന്നതിന് വിവിധ പെയിന്റ് കമ്പനികളുമായി ബികെആര്‍ജി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.മതിലിനൊപ്പം സഞ്ചരിക്കാന്‍ അനുയോജ്യമായ ഫുട്പാത്തും ലൈറ്റിംഗും ഉള്‍പ്പെടുന്ന മനോഹരമായ സൗകര്യങ്ങളും ഒരുക്കുന്നതിന് ടൂറിസം വകുപ്പിന് നാവികസേന അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഓരോ കലാചിത്രത്തിന്റെയും വിശദീകരണം പെയിന്റിംഗ് തുടങ്ങുന്നതിന് മുന്‍പ് പാനലുകളില്‍ പ്രദര്‍ശിപ്പിക്കും. ക്രൗഡ് ഫണ്ടിംഗിലൂടെയാണ് പ്രധാനമായും സാമ്പത്തികം കണ്ടെത്തുന്നത്. ഓരോ പാനലും ഒരു ലക്ഷം രൂപയ്ക്കാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതിനായി ഇതിനകം തന്നെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു