മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 5 അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകള്‍ സ്ഥാപിക്കും.ഗുഡലൂര്‍, ഗുഡല്‍പേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിശാല മലബാര്‍ മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആദ്യത്തെ കേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുന്നത്.
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 5 അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകള്‍ സ്ഥാപിക്കും.ഗുഡലൂര്‍, ഗുഡല്‍പേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിശാല മലബാര്‍ മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആദ്യത്തെ കേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുന്നത്. രണ്ടാമത്തെ സെന്റര്‍ ബെംഗളൂരുവില്‍ തുടങ്ങാനാണ് പദ്ധതി. അടുത്ത മൂന്നു വര്‍ഷം കൊണ്ട് റേഡിയേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ആവശ്യകതയും ക്ലിനിക്കല്‍ സാധ്യതയും അടിസ്ഥാനമാക്കി പിന്നീട് പ്രഖ്യാപിക്കും. ക്യാന്‍സര്‍ ചികിത്സാചെലവുകള്‍ താങ്ങാന്‍ കഴിയാത്തവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സ മുടങ്ങിപ്പോയവര്‍ക്കും ഉന്നത നിലവാരമുള്ള റേഡിയേഷന്‍ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്‍പ്പെടെ, നൂതന കാന്‍സര്‍ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകള്‍ നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍രക്ഷാ ഉപാധികള്‍ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാനും ഞങ്ങള്‍ ശ്രമിക്കുകയാണ്. അന്തസ്സോടും ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കാന്‍സറിനെതിരെ പോരാടാനുള്ള അവസരം ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൗത്യമെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.ലീനിയര്‍ ആക്‌സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെ പൂര്‍ണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷന്‍ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവില്‍ വരുന്നത്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കുറഞ്ഞ വരുമാനമുള്ള രോഗികള്‍ക്കും ചികിത്സ പൂര്‍ണ്ണമായും സൗജന്യമായോ അല്ലെങ്കില്‍ വളരെ കുറഞ്ഞ നിരക്കിലോ നല്‍കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സ നിര്‍ത്തിയ രോഗികള്‍ക്ക് മുന്‍ഗണന നല്‍കും. ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ ആഗോള സി.എസ്.ആര്‍. വിഭാഗമായ ‘ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ ഭാഗമായിരിക്കും ഈ സെന്ററുകള്‍. സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹികസാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലപ്പോഴും രോഗികള്‍ക്ക് ചികിത്സ പാതിവഴിയില്‍ നിര്‍ത്തേണ്ടി വരുന്നതും കണക്കിലെടുക്കുമ്പോള്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ ഈ സംരംഭം വളരെ പ്രധാനമാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക തടസ്സങ്ങള്‍ കാരണം കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് അത്യാവശ്യമായ റേഡിയേഷന്‍ തെറാപ്പി ഒഴിവാക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം.

