വിദ്യാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്
കൊച്ചി: വളര്‍ന്നുവരുന്ന യുവതലമുറ അച്ചടക്കം ജീവിതത്തിന്റെ പ്രധാനഭാഗമായി മാറ്റണമെന്ന് അച്ചടക്കമുള്ള യുവജനതയാണ് രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനമെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. എറണാകുളം, കടവന്ത്ര പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവി തലയമുറയെ വാര്‍ത്തെടുക്കുന്നതില്‍ രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.അതു കൊണ്ടു തന്നെ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് വലി അംഗീകാരമാണുള്ളത്. വിദ്യാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. സാങ്കേതിക രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്ന വികസിത ഭാരതമെന്ന സ്വപ്നം അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെയുള്ള സ്വപ്നമാണ്. സാമ്പത്തികമായ ഉന്നമനം മാത്രമല്ല സമൂഹത്തിന്റെയും വ്യക്തികളുടെയും വികസനമാണ് അതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വ്വതി ഗോപകുമാര്‍ ഐ.എ.എസ് അധ്യക്ഷത വഹിച്ചു. വജ്രജൂബിലി സുവനിയര്‍ ഗവര്‍ണര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര് അജിത്, മേജര്‍ ജനറല്‍ പി.എസ് രവീന്ദ്രനാഥ് , ഡോ. തോമസ് വിനു , പി. ബാബൂജി, സിന്ധു അഗസ്റ്റിന്, ഡോ. സലിം യൂസഫ് (കാനഡ), റോയ് മാത്യുസ് (യു.എസ്.എ), ഡോ. ജോര്‍ജ് പോള്‍സണ്‍ (യു.എസ്.എ), മുന്‍ അധ്യാപകരായ പി.എസ്.ബി നായര്‍, രാമകൃഷ്ണന്, നമ്പൂതിരിപ്പാട്, അനിത, കുര്യാക്കോസ്, അഗസ്റ്റിന് എന്നിവരെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. കെ.വി.എസ് എറണാകുളം റീജ്യണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍. സന്തോഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ വി.എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗുരുവന്ദനവും നടന്നു.

