സന്തോഷ് ട്രോഫി ഫുട്‌ബോള്‍: കേരള ടീം സജ്ജം; ജി.സഞ്ജു നയിക്കും

ഏഴ് തവണ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണ അസമിലേക്ക് പുറപ്പെടുന്നത്
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 79ാം പതിപ്പില്‍ കേരള ടീം സജ്ജമായി എറണാകുളം സ്വദേശിയായ പ്രതിരോധ താരം  ജി. സഞ്ജുവാണ് നായകന്‍. കേരള പൊലീസ് താരമായ സഞ്ജുവിന്റെ തുടര്‍ച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്. കഴിഞ്ഞവര്‍ഷത്തെ കേരള ടീമിന്റെ നായകനും സഞ്ജുവായിരുന്നു. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയുടെ പ്രതിരോധ താരവും സഞ്ജുവായിരുന്നു. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാനാണ് ടീമിനെ പ്രഖ്യാപിച്ചത്.
22 അംഗ ടീമില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. നിലവിലെ റണ്ണര്‍അപ്പായ ടീമിലെ  താരങ്ങള്‍ക്കൊപ്പം എസ്.എല്‍.കെയിലെ മികച്ച പ്രകടനം നടത്തിയ താരങ്ങളും ടീമിലുണ്ട്. ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്‍. മുന്‍ സന്തോഷ് ട്രോഫി താരം എബിന്‍ റോസാണ് സഹപരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം കെ.ടി ചാക്കോ ഗോള്‍കീപ്പര്‍ കോച്ച്, ഫിസിയോ അഹമ്മദ് നിഹാല്‍ റഷീദ്, വീഡിയോ അനലിസ്റ്റ് കിരണ്‍ നാരായണന്‍ എന്നിവരാണ് മറ്റ് ഒഫീഷ്യല്‍സ്. ചടങ്ങില്‍ ടീമിന്റെ പുതിയ ജഴ്‌സിയും തീം സോംഗും പുറത്തിറക്കി. ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ആണ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍.  ചടങ്ങില്‍ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.പി. ഖാലിദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഇസ്മയില്‍ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബാള്‍ അസോസിയേഷന്‍ ഹോണററി പ്രസിഡന്റ് ടോം ജോസ്, ട്രഷറര്‍ റെജിനാള്‍ഡ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ എന്നിവര്‍ സംസാരിച്ചു.
കേരള ടീം: ഗോള്‍കീപ്പര്‍മാര്‍: ടി.വി. അല്‍കേഷ് രാജ് (സെന്‍ട്രല്‍ എക്‌സൈസ് തൃശൂര്‍), എസ്.ഹജ്മല്‍ (കെ.എസ്.ഇ.ബി പാലക്കാട്), എം. മുഹമ്മദ് ജസീന്‍ (മലപ്പുറം എഫ്.സി മലപ്പുറം). പ്രതിരോധനിര: ജി. സഞ്ജു (കേരള പൊലീസ് എറണാകുളം), എം. മനോജ് (കാലിക്കറ്റ് എഫ്.സി തിരുവനന്തപുരം), അജയ് അലക്‌സ് (സെന്‍ട്രല്‍ എക്‌സൈസ് എറണാകുളം), ബിബിന്‍ അജയന്‍ (തൃശൂര്‍ മാജിക് എഫ്.സി എറണാകുളം), എസ്. സന്ദീപ് (കണ്ണൂര്‍ വാരിയേഴ്‌സ് മലപ്പുറം), അബ്ദുള്‍ ബാദിഷ് (തിരുവനന്തപുരം കൊമ്പന്‍സ് മലപ്പുറം), തേജസ് കൃഷ്ണ (തൃശൂര്‍ മാജിക് എഫ്.സി പാലക്കാട്). മധ്യനിര: എം.എം. അര്‍ജുന്‍ (കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി തൃശൂര്‍), വി. അര്‍ജുന്‍ (കെ.എസ്.ഇ.ബി കോഴിക്കോട്), ഒ.എം. ആസിഫ് (കണ്ണൂര്‍ വാരിയേഴ്‌സ് എറണാകുളം), എം. വിഘ്‌നേഷ് (കെ.എസ്.ഇ.ബി തിരുവനന്തപുരം), എന്‍.എ. അബൂബക്കര്‍ ദില്‍ഷാദ് (റിയല്‍ മലബാര്‍ എഫ്.സി കാസര്‍കോട്). മുന്നേറ്റനിര: ടി. ഷിജിന്‍ (കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം), മുഹമ്മദ് അജ്‌സല്‍ (കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്), ഇ. സജീഷ് (കേരള പൊലീസ് പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (കാലിക്കറ്റ് എഫ്.സി പാലക്കാട്), എം.പി. മുഹമ്മദ് സിനാന്‍ (കണ്ണൂര്‍ വാരിയേഴ്‌സ് പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (കാലിക്കറ്റ് എഫ്.സി മലപ്പുറം), എന്‍.എ. മുഹമ്മദ് അഷര്‍ (തിരുവനന്തപുരം കൊമ്പന്‍സ് തൃശൂര്‍).
ഏഴ് തവണ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണ അസമിലേക്ക് പുറപ്പെടുന്നത്. 21നാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന്റെ കിക്കോഫ്. 22ന് മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. അസമിലെ സിലാപത്തര്‍, ധകുഖാന സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ടീം 19ന് കൊച്ചിയില്‍നിന്ന് പുറപ്പെടും.
കിരീടം തിരിച്ചു പിടിക്കുക ലക്ഷ്യം: ഷഫീഖ് ഹസന്‍
കൊച്ചി: പോയ വര്‍ഷം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കുമെന്നും, ആ ലക്ഷ്യം മുന്‍നിറുത്തിയായിരുന്നു പരിശീലനമെന്നും സന്തോഷ് ട്രോഫി കേരള ടീമിന്റെ മുഖ്യ പരിശീലകന്‍ എം. ഷഫീഖ് ഹസന്‍ പറഞ്ഞു. അസമില്‍ താപനില 15 ഡിഗ്രിയിലും താഴെയാണ്. ഇതിനോട് ചേര്‍ന്നുപോകാന്‍ വയനാട്ടിലടക്കം ക്യാമ്പ് സംഘടിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴയിലേതടക്കം കേരളത്തിലെ ഫുട്ബാള്‍ സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കെ.എഫ്.എയുടെ സഹായത്തോടെ ഇവയെല്ലാം മികച്ച സ്‌റ്റേഡിയങ്ങളാക്കി ഉയര്‍ത്താനാകുമെന്ന് ടീം പ്രഖ്യാപന ചടങ്ങില്‍ സംസാരിച്ച കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് എന്നത് വെറും പണം മുടക്കുക എന്നതല്ല, കേരള ഫുട്ബാളിന് നല്‍കുന്ന ധാര്‍മിക പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്ത് കാല്‍പന്തുകളിക്കായി കമന്ററി പറഞ്ഞിരുന്നതായും കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന സന്തോഷ് ട്രോഫി ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ടൈറ്റില്‍ സ്‌പോണ്‍സറായ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.പി. ഖാലിദ് പറഞ്ഞു. മൂന്നര കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും കേരള ടീമിനുണ്ട്. അസമില്‍ കിരീടം ഉയര്‍ത്തുമെന്ന തികഞ്ഞ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു