പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളില്‍ നിന്ന് കുറഞ്ഞ മുറിവുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം ഈ മേഖലയിലെ രോഗികളെ സംബന്ധിച്ച് ആശാവഹമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൊച്ചി: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രമുഖ ന്യൂറോ സര്ജന്മാരുടെയും നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധരുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ന്യൂറോ സര്ജന്മാരായ ഡോ. ഗിരീഷ് മേനോന്, ഡോ. സുശാന്ത് എസ്., ഡോ. ശ്രീജിത് എം.ഡി, നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. അശോക് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചത്.
പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം, ചികിത്സാ രീതികളിലെ ആധുനികവല്‍ക്കരണം, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളില്‍ നിന്ന് കുറഞ്ഞ മുറിവുകളുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം എന്നിവയിലാണ് പ്രധാനമായും ബോധവല്‍ക്കരണം നടത്തുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ഥിരമായ നടുവേദന, കൈകാലുകളിലെ ബലക്കുറവ് , മരവിപ്പ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകല്‍, നീണ്ടുനില്‍ക്കുന്ന തലവേദന, സംസാരത്തിലോ കാഴ്ചയിലോ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവ മസ്തിഷ്ക,നട്ടെല്ല് രോഗങ്ങളുടെ പ്രാരംഭ മുന്നറിയിപ്പുകളാകാമെന്ന് ഇവര്‍ വ്യക്തമാക്കി. പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളില്‍ നിന്ന് കുറഞ്ഞ മുറിവുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം ഈ മേഖലയിലെ രോഗികളെ സംബന്ധിച്ച് ആശാവഹമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതുവഴി മാംസപേശികള്‍ക്കുണ്ടാകുന്ന മുറിവുകള്‍, രക്തസ്രാവം, ആശുപത്രി വാസം, സുഖപ്രാപ്തി സമയം എന്നിവ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നതായി അവര്‍ പറഞ്ഞു. ഇവ കൂടാതെ, അഡ്വാന്‍സ്ഡ് ഇമേജിംഗ്, നാവിഗേഷന്‍ സാങ്കേതിക വിദ്യകള്‍ ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

