ശ്വാസകോശം തകരാറിലായ കാനഡയിലെ മലയാളി വിദ്യാര്‍ത്ഥിക്ക് പുതുജീവന്‍

ജീവൻ രക്ഷിക്കുവാൻ ഇന്ത്യയിലേയ്ക്ക് തിരികെയെത്തിയ അനന്ത് കൃഷണ ഹരീഷ് പൂർണ്ണ ആരോഗ്യത്തോടെ പഠനം തുടരുന്നതിനായി ഫെബ്രുവരി 9 നു കാനഡയിലേക്ക് യാത്രയാകുകയാണ്. ആരോഗ്യമേഖലയിലെ മികച്ച നേട്ടങ്ങളുമായി കേരളം ലോകരാജ്യങ്ങൾക്കു മുന്നിൽ വീണ്ടും മാതൃകയാകുന്നു.
കൊച്ചി: കാനഡയില്‍ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഗുരുതരമായി തകരാറിലായ മലയാളി വിദ്യാര്‍ത്ഥിക്ക് കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിയില്‍ നടത്തിയ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ സമ്മാനിച്ചത് രണ്ടാം ജന്മം. ഒന്റാറിയോയിലെ ബാരിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രിഗോറിയന്‍ കോളേജിലെ മൂന്നാംവര്‍ഷ മെക്കാട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ അനന്ത് കൃഷ്ണ ഹരീഷ്(20)നാണ് പുതുജീവിതം ലഭിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് നെഞ്ചുവേദന, പനി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഹരീഷിനെ കാനഡയിലെ  പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ  നടത്തിയ പരിശോധനകളില്‍, ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മള്‍ട്ടി ലോക്കുലേറ്റഡ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ കണ്ടെത്തി. കാനഡയില്‍ വെച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.  എന്നാല്‍ ക്ഷയരോഗസാധ്യത സംശയിച്ച ഡോക്ടര്‍മാര്‍ മുന്‍കരുതല്‍ നടപടിയായി അനന്തിനെ ഐസൊലേഷന്‍ റൂമിലാക്കി. ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, ഇതിനിടയില്‍ അനന്തിന് 40 ദിവസത്തോളം ഐസൊലേഷനില്‍ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടുതല്‍ രൂക്ഷമായി.

മരുന്നുകളും നെഞ്ചില്‍ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നല്‍കിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി  കുറഞ്ഞ് സ്ഥിതി ആശങ്കാജനകമായതോടെ കുടുംബം ചികിത്സയ്ക്കായി അനന്തിനെ നാട്ടിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2025 നവംബര്‍ 18ന് കൊച്ചിയിലെത്തിയ അനന്തിനെ സണ്‍റൈസ് ആശുപത്രിയിലെ തോറാസിക് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയില്‍  ഇടത് ശ്വാസകോശത്തിനുള്ളിലെ അണുബാധ പഴകി പഴുപ്പിന്  കട്ടികൂടി വിവിധ പാളികളായി കെട്ടിക്കിടന്ന് മള്‍ട്ടി ലോക്കുലേറ്റഡ് എംപൈമ എന്ന ഗുരുതര അവസ്ഥയിലേക്ക് രോഗം പുരോഗമിച്ചതായി കണ്ടെത്തിയതായി കാര്‍ഡിയോ-തോറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് കാരണം നെഞ്ച് ഭാഗം ചുരുങ്ങി ഇടത് ശ്വാസകോശം  വികസിക്കാന്‍ കഴിയാത്ത ട്രാപ്പ്ഡ് ലങ്ങ് അവസ്ഥയിലായിരുന്നു.  അനന്ത് ഒരേയൊരു ശ്വാസകോശത്തിന്റെ സഹായത്തിലാണ് ശ്വസിച്ചിരുന്നത്. തുടര്‍ന്ന് അനന്തിനെ അടിയന്തര  ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.  15 × 12 × 4 സെ.മീ. വലുപ്പമുള്ള സിമന്റുപോലുള്ള കട്ടിയായി മാറിയ പാളികള്‍ നെഞ്ച് ഭിത്തിയോടും ഡയഫ്രത്തിനോടും ചേര്‍ന്ന് ശ്വാസകോശത്തെ പൂര്‍ണ്ണമായി കുടുക്കിയ അവസ്ഥയിലായിരുന്നു. ഒന്‍പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയില്‍, ഈ കട്ടിയുള്ള പാളികള്‍ ഓരോ മില്ലീമീറ്ററായി നീക്കം ചെയ്യുകയായിരുന്നു. പ്ല്യൂറെക്ടമി, ഡീകോര്‍ട്ടിക്കേഷന്‍ എന്നിവ ഉള്‍പ്പെടുന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തിന്റെ ഉപരിതലത്തില്‍ ഉണ്ടായ എയര്‍ ലീക്കുകളും പരിഹരിച്ചുവെന്ന് ഡോ. നാസര്‍ യൂസഫ് പറഞ്ഞു. സുഖം പ്രാപിച്ച അനന്ത നവംബര്‍ 27ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി.

ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഒരു നില പോലും കയറാന്‍ പ്രയാസപ്പെട്ടിരുന്ന അനന്ത്, ആശുപത്രി വിട്ടപ്പോഴേക്കും ഏഴ് നിലകള്‍ വരെ അനായാസം കയറുന്ന നിലയിലേക്ക് ആരോഗ്യനില വീണ്ടെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ശ്വാസകോശം വീണ്ടും വികസിക്കാന്‍ സഹായിക്കുന്ന തരത്തില്‍ നേരത്തെ തന്നെ നടക്കാന്‍ തുടങ്ങിയതും, കൃത്യമായ  ഫിസിയോതെറാപ്പിയും ഏറെ നിര്‍ണായകമായി ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യൂമോണിയയ്ക്ക് ശേഷം തുടരുന്ന നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഒരിക്കലും ലഘുവായി കാണരുതെന്നും സമയബന്ധിതമായ പരിശോധനയും വിദഗ്ധ ചികിത്സയും അനിവാര്യമാണെന്നും ഡോ. നാസര്‍ യൂസഫ് വ്യക്തമാക്കി. ഡോ.നീതു തമ്പി , മെഡിക്കല്‍ സൂപ്രണ്ട് ഡോ . പി.ശോഭ,  അനന്ത് കൃഷ്ണന്‍, മാതപിതാക്കളായ  ഡോ. ടി എപൂര്‍ണ്ണിമ, ബി. ഹരീഷ്  എന്നിവരും വാര്‍ത്താ  സമ്മേളനത്തില്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു