കിഡ്‌നിയില്‍ നിന്നും നാല് കിലോഗ്രാം ഭാരമുള്ള മുഴ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

രോഗി അനുഭവിക്കേണ്ടി വരുന്ന വേദന കുറയ്ക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കീഹോള്‍ ശസ്ത്രക്രിയ വി.പി.എസ് ലേക്ഷോറിലെ യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ തെരഞ്ഞെടുക്കുകയായിരുന്നു.
കൊച്ചി:  ത്രീഡി ലാപ്രോസ്‌കോപ്പിക് (കീഹോള്‍) ശസ്ത്രക്രിയയിലൂടെ, വൃക്കയില്‍ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ മുഴ (പോളിസിസ്റ്റിക് കിഡ്ണി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്ഷോര്‍ ആശുപത്രി യൂറോളജി വിഭാഗം. 50 വയസുകാരനായ പുരുഷനില്‍ 30 സെന്റീമീറ്റര്‍ നീളത്തിലുള്ള പോളിസിസ്റ്റിക് കിഡ്ണിയാണ് അതിസങ്കീര്‍ണവും അപൂര്‍വവുമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വൃക്കകളില്‍ ദ്രാവകം നിറഞ്ഞ് മുഴകള്‍ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് കിഡ്ണി ഡിസീസ്. ഇരുവൃക്കകളിലും ഇത്തരത്തില്‍ കുമിളകള്‍ രൂപപ്പെട്ട് പ്രവര്‍ത്തനം തകരാറിലായ അവസ്ഥയിലായിരുന്നു രോഗി. വാരിയെല്ല് മുതല്‍ ഇടുപ്പ് വരെ ബാധിച്ച കുമിളകള്‍ കാരണം രോഗി വലിയ പ്രയാസത്തിലായിരുന്നു.
വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് മുന്നോടിയായാണ് ഈ കീഹോള്‍ സര്‍ജറി നടത്തിയത്. പരമ്പരാഗതമായി തുറന്ന ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളില്‍ നടത്താറുള്ളത്. എന്നാല്‍, രോഗി അനുഭവിക്കേണ്ടി വരുന്ന വേദന കുറയ്ക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കീഹോള്‍ ശസ്ത്രക്രിയ വി.പി.എസ് ലേക്ഷോറിലെ യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ തെരഞ്ഞെടുക്കുകയായിരുന്നു.
സാധാരണ ഗതിയില്‍ പോളിസിസ്റ്റിക് കിഡ്ണി സര്‍ജറിക്ക് തുറന്ന ശസ്ത്രക്രിയയാണ് നടത്തിവരാറുള്ളതെന്ന് നേതൃത്വം നല്‍കിയ വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് മേധാവിയുമായ ഡോ. ഡാറ്റ്‌സണ്‍ പി. ജോര്‍ജ് പറഞ്ഞു. പ്രത്യേകിച്ച് വൃക്ക സംബന്ധമായ ഗുരുതര തകരാറുള്ള രോഗികളില്‍. പൂര്‍ണ്ണമായും ലാപ്രോസ്‌കോപ്പിക് സംവിധാനം പോളിസിസ്റ്റിക് കിഡ്ണി ഡിസീസ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്നതിന് ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ ഡോ. ഗ്രിഗറി പത്രോസ്, ഡോ. എ.പി. കാര്‍ത്തി, ഡോ. ആദില്‍ അബ്ദുള്ള, ഡോ. ജോയല്‍, ഡോ. അരുണ്‍, ഡോ. സുഭാഷ്, അനസ്‌തേഷ്യ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മല്ലി എബ്രഹാം, അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയ സൂസന്‍ ജേക്കബ് എന്നിവര്‍ ശസ്ത്രക്രിയാ സംഘത്തിന്റെ ഭാഗമായിരുന്നു. മാനദണ്ഡങ്ങള്‍ കൃത്യവും സൂക്ഷ്മവുമായി പാലിച്ചുകൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 രോഗിയുടെ രണ്ടാമത്തെ വൃക്കയില്‍ ഏകദേശം 28 സെന്റീമീറ്റര്‍ വലിപ്പമുള്ള മറ്റൊരു പോളിസിസ്റ്റിക് കിഡ്ണി അവശേഷിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാമതൊരു ശസ്ത്രക്രിയക്ക് ആവശ്യമായ ആരോഗ്യസ്ഥിതി രോഗി കൈവരിക്കുന്ന ഘട്ടത്തില്‍ ഇതും നീക്കം ചെയ്യാനാണ് പദ്ധതി. നിലവില്‍ രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മെഡിക്കല്‍ സംഘത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിശദമായ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും തുടര്‍ ചികിത്സാ തീരുമാനങ്ങള്‍ എടുക്കുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു