കേരളത്തെ ലഹരിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകള്‍ ഒന്നിക്കുന്ന വേദിയാണിതെന്ന് ജിടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.
കൊച്ചി: ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് ഫെബ്രുവരി 15 ന് നടക്കുന്ന ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) മാരത്തോണില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. മൂവായിരത്തോളം വനിതകളുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ജിടെക് മാരത്തണിന്റെ നാലാം പതിപ്പ് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ മാരത്തോണായി മാറും. പ്രായം, പ്രദേശം, ലിംഗഭേദം, കായികക്ഷമത എന്നിവ പരിഗണിക്കാതെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. പ്രമുഖ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍ എന്നിവര്‍ ഇതിനകം തന്നെ മാരത്തണില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നീ ഐടി ഹബ്ബുകള്‍ കേന്ദ്രീകരിച്ച് വര്‍ഷം തോറും മാറിമാറി സംഘടിപ്പിക്കപ്പെടുന്ന ഈ മാരത്തോണ്‍, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നീ ഐടി പാര്‍ക്കുകള്‍ക്ക് ചുറ്റുമുള്ള റൂട്ടുകളിലൂടെയാണ് നടക്കുക. ‘നോ ടു ഡ്രഗ്‌സ് യെസ് ടു ഫിറ്റ്‌നസ്’ എന്നതാണ് എന്നതാണ് ഈ വര്‍ഷത്തെ മാരത്തോണിന്റെ പ്രമേയം. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കേരളത്തെ ലഹരിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകള്‍ ഒന്നിക്കുന്ന വേദിയാണിതെന്ന് ജിടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട വ്യവസായ സംഘടന എന്ന നിലയില്‍, സംസ്ഥാനം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ജിടെക്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് ഇത് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഹാഫ് മാരത്തണ്‍ (21 കി.മീ), 10 കി.മീ റണ്‍, ഫണ്‍ റണ്‍ (3 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

