ടി.എല്‍.സിയുടെ സവിശേഷമായ പഠനരീതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കളികളും വര്‍ക്ക്ഷോപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
കൊച്ചി: പഠനം ജീവിതാനുഭവങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്ന സന്ദേശമുയര്‍ത്തി ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോയിലെ എ.ബി.സി ആര്‍ട്ട് റൂമില്‍ ‘ദ ജോയ് ഓഫ് ലേണിംഗ്’ശില്‍പ്പശാല സംഘടിപ്പിച്ചു. ഗോവ ആസ്ഥാനമായുള്ള ‘ദ ലേണിംഗ് സെന്റര്‍’ (ടി.എല്‍.സി) നടത്തിയ ‘ദ ജോയ് ഓഫ് ലേണിംഗ്: ഹൗ വി അപ്രോച്ച് ലേണിംഗ്’ എന്ന വര്‍ക്ക്ഷോപ്പ്, അനുഭവങ്ങളിലൂടെയുള്ള പഠനത്തിന്റെ പ്രാധാന്യം വിവരിച്ചു. ടി.എല്‍.സിയിലെ വിദ്യാര്‍ത്ഥികള്‍ നയിച്ച ശില്‍പ്പശാലയില്‍, പ്രായോഗികവും വ്യക്തിപരവുമായ ഇടപെടലുകളിലൂടെ അറിവ് നേടുന്ന രീതിക്കാണ് മുന്‍ഗണന നല്‍കിയത്.
ടി.എല്‍.സിയുടെ സവിശേഷമായ പഠനരീതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കളികളും വര്‍ക്ക്ഷോപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ശാസ്ത്രം, സമൂഹം, ഭാഷ എന്നിവ സ്വാഭാവികമായി ഒത്തുചേരുന്ന ജീവിതത്തെ സമഗ്രമായ രീതിയില്‍ മനസ്സിലാക്കാനാണ് ടി.എല്‍.സിയില്‍ തങ്ങള്‍ ശ്രമിക്കുന്നതെന്ന് ശില്‍പ്പശാലക്ക് നേതൃത്വം നല്കിയ കൗശിക് പ്രണൂ പറഞ്ഞു. കുട്ടികള്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നുമില്ലാതെ തന്നെ സ്വയം ചിത്രങ്ങള്‍ വരയ്ക്കുന്നതും കളിക്കുന്നതും ഒത്തൊരുമിച്ച് പഠിക്കുന്നതും കാണുന്നത് ഏറെ സന്തോഷകരമാണെന്നും, വിദ്യാഭ്യാസത്തെ ജീവിതമായിത്തന്നെ കാണുന്നതാണ് ടി.എല്‍.സിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

