വിശാലമായ കോടതി മുറികള്‍, ഡിജിറ്റല്‍ സൗകര്യങ്ങള്‍, റെക്കോര്‍ഡ് റൂമുകള്‍ എന്നിവ കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്.
കൊച്ചി: കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ നീതിനിര്‍വഹണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍. ആലുവയില്‍ പുതിയതായി നിര്‍മ്മിക്കുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാലമായ കോടതി മുറികള്‍, ഡിജിറ്റല്‍ സൗകര്യങ്ങള്‍, റെക്കോര്‍ഡ് റൂമുകള്‍ എന്നിവ കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ജനസംഖ്യയ്ക്കും മാറുന്ന നിയമ ആവശ്യങ്ങള്‍ക്കും അനുസൃതമായി കോടതികളുടെ അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടണം. കോടതികള്‍ വെറും കെട്ടിടങ്ങളല്ല, പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന, പരാതികള്‍ പരിഹരിക്കപ്പെടുന്ന, ഭയമോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കപ്പെടുന്ന ജീവസ്സുറ്റ സ്ഥാപനങ്ങളാണെന്നു അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ നീതിന്യായ സംവിധാനത്തെ ആധുനിക കാലത്തിന് അനുസൃതമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആലുവയ്ക്ക് ആധുനിക സൗകര്യങ്ങളുള്ള മനോഹരമായ കോടതി സമുച്ചയം സ്വായത്തമാവുകയാണ്. 37.25 കോടി രൂപയാണ് സര്‍ക്കാര്‍ ഈ കോടതി സമുച്ചയത്തിനു വേണ്ടി അനുവദിച്ചത്. നമ്മുടെ കോടതി കെട്ടിടങ്ങളില്‍, ആധുനിക സ്വഭാവങ്ങള്‍ക്കനുസരിച്ച് വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സൗകര്യങ്ങള്‍ ഉണ്ടാകണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എറണാകുളം ജില്ലയില്‍ പ്രത്യേകമായി, മിക്കവാറും എല്ലാ കോടതികള്‍ക്കും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കോടതികളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് വേഗത കൂടും.
കേസുകള്‍ തീര്‍ക്കുന്നതിലും കേരളം ഇന്ത്യക്ക് മാതൃകയായി മാറുന്നുണ്ട്. അത് തുടരാന്‍ കഴിയണം. കൊച്ചിയില്‍ ജുഡീഷ്യല്‍ സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആയിരം കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഭിഭാഷക ക്ഷേമനിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് കടമ്പകള്‍ കൂടി കടന്നാല്‍ അത് നിയമമാകുമെന്നും അദ്ദേഹം പറഞ്ഞു. ശിലാസ്ഥാപന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

