ന്യൂഡല്‍ഹി: യൂറോപ്യന്‍ ഷിപ്പിംഗ് രംഗത്തെ പ്രമുഖരായ സിഎംഎ-സിജിഎമ്മില്‍ നിന്ന് എല്‍എന്‍ജി ഡ്യുവല്‍ഫ്യൂവല്‍ കപ്പല്‍ നിര്‍മ്മാണത്തിനുള്ള ചരിത്രപരമായ കരാര്‍ സ്വന്തമാക്കി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല
ഫ്രഞ്ച് ഷിപ്പിംഗ് ഭീമനായ സിഎംഎ-സിജിഎമ്മു മായി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല എല്‍എന്‍ജി ഡ്യുവല്‍ഫ്യൂവല്‍ കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാറില്‍ ഒപ്പുവച്ചു. ആഗോള കപ്പല്‍നിര്‍മാണ രംഗത്തെ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഹരിത സമുദ്രപരിവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈ നീക്കം.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ ജോസും സിഎംഎ-സിജിഎമ്മി നെ പ്രതിനിധീകരിച്ച് ചെയര്‍മാനും സിഇഒയുമായ റോഡോള്‍ഫ് സാഡെയും കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത സഹമന്ത്രി ശന്തനു താക്കൂര്‍, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം സെക്രട്ടറി വിജയ് കുമാര്‍ എന്നിവരും മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സമുദ്ര വ്യവസായ മേഖലയിലെ വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. സാങ്കേതിക പുരോഗതി കൈവരിച്ചതിന്റെയും പാരിസ്ഥിതിക ഉത്തരവാദിത്തപൂര്‍ണ്ണവുമായ കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്‍ പ്രയാണത്തിലെു സുപ്രധാന നാഴികക്കല്ലാണ് ഈ കരാര്‍. യൂറോപ്യന്‍ കണ്ടെയ്‌നര്‍ ഓപ്പറേറ്ററിനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മിക്കുന്ന എല്‍എന്‍ജി ഡ്യുവല്‍ഫ്യൂവല്‍ ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകളുടെ പരമ്പരയിലെ ആദ്യത്തേതായിരിക്കും ഇത്. ദ്രവീകൃത പ്രകൃതിവാതകത്തില്‍ (എല്‍എന്‍ജി ) പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇരട്ടഫ്യുവല്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കപ്പലുകള്‍ പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുകയും നൂതന ഊര്‍ജ്ജകാര്യക്ഷമത സംവിധാനങ്ങളും പരമാവധി ശേഷി പ്രദാനം ചെയ്യുന്ന ഹള്‍ ഡിസൈനും ഉള്‍ക്കൊള്ളുന്നതാണ്. ആഗോള തലത്തിലെ ഷിപ്പിംഗ് മേഖല ബഹിര്‍ഗമനം കുറയ്ക്കാനും പരിസ്ഥിതി നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കാനും കഴിയുന്ന ഇരട്ടഫ്യുവല്‍ കപ്പലുകളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ എല്‍എന്‍ജി പ്രധാന പരിവര്‍ത്തന സമുദ്ര ഇന്ധനമായി ഉയര്‍ന്നു വരികയാണ്. ആഗോള കണ്ടെയ്‌നര്‍ കപ്പല്‍ നിര്‍മ്മാണ വിപണിയില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മുന്നേറ്റത്തിന് ഈ കരാര്‍ വലിയ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനൊപ്പം എല്‍എന്‍ജി ഡ്യുവല്‍ഫ്യുവല്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങളിലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ന്റെ സാങ്കേതിക ശേഷിയും ഇത് ശക്തിപ്പെടുത്തും. കൂടാതെ, കയറ്റുമതിയും വിദേശനാണ്യ വരുമാനവും ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സാമ്പത്തിക, കപ്പല്‍ നിര്‍മ്മാണ ലക്ഷ്യങ്ങളില്‍ നിര്‍ണ്ണായക സാന്നിധ്യമായും മാറും.

