ബയര്‍ സെല്ലര്‍ സംഗമം  ലഭിച്ചത് 100 കോടിയുടെ ഓര്‍ഡറുകള്‍ ; കേക്ക് മുറിച്ച് ആഘോഷം  

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി വ്യവസായ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ബയര്‍ സെല്ലര്‍ മീറ്റിലൂടെ 100 കോടി രൂപയുടെ ഓര്‍ഡറുകള്‍ സംരംഭകര്‍ക്ക് ലഭിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.  കേരളത്തിലെ നാനൂറോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുനടന്ന മേളയില്‍ 22 ഓളം രാജ്യങ്ങളില്‍ നിന്നുമായി 50ലധികം കമ്പനികളാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി എത്തിയതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കളമശ്ശേരി ചാക്കോളസ് പവലിയനില്‍ നടക്കുന്ന സംസ്ഥാനതല കേരള അഗ്രോ ഫുഡ്‌പ്രോ 2026 ന്റെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷം പിന്നിടുന്ന ‘സംരംഭക വര്‍ഷം’ (ഇയര്‍ ഓഫ് എന്റെര്‍െ്രെപസസ്) പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ നാല് ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. പദ്ധതി തുടങ്ങുമ്പോള്‍ സംസ്ഥാനത്തെ ഉദ്യമം രജിസ്‌ട്രേഷന്‍ കേവലം 85,000  മാത്രമായിരുന്നു. നിലവില്‍ അത് 17 ലക്ഷത്തിലധികമാണ്. സംരംഭം തുടങ്ങാന്‍ സൗകര്യമൊരുക്കുക മാത്രമല്ല, അവ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സംരംഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പൊതുവിതരണ വകുപ്പുമായി ചേര്‍ന്ന് കെസ്‌റ്റോറുകള്‍ വഴി പ്രാദേശിക സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കി. നിലവില്‍ 40 കോടി രൂപയിലധികം വിറ്റുവരവ് കെസ്‌റ്റോറുകള്‍ വഴി സംരംഭകര്‍ക്ക് ലഭിക്കുന്നുണ്ട്.ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും മാസത്തിലൊരിക്കല്‍ ഫിനാന്‍ഷ്യല്‍ പരിശീലന ക്ലാസുകള്‍ നല്‍കുന്നുണ്ട്. ബി2ബി  സംഗമങ്ങളിലൂടെയും ‘കേരള ബ്രാന്‍ഡ്’ പദ്ധതിയിലൂടെയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ആഗോളതലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. പത്ത് ഉല്‍പ്പന്നങ്ങള്‍ക്കായി നിലവില്‍ കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ട്. പ്ലൈവുഡ് മേഖലയില്‍ ക്വാളിറ്റി മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ഗ്രീന്‍ പ്ലൈവുഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കെസ്‌റ്റോറുകള്‍ക്ക് പിന്നാലെ പൊതുമേഖലയില്‍ തുടങ്ങിയ കെഷോപ്പുകള്‍ വഴി പ്രാദേശിക സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം കൂടുതല്‍ വ്യാപിപ്പിക്കുന്നുണ്ട്. നിലവില്‍ 40 കോടി രൂപയുടെ വിറ്റുവരവ് ഇത്തരം സ്‌റ്റോറുകള്‍ വഴി സംരംഭകര്‍ക്ക് ലഭിക്കുന്നുണ്ട്. കാര്‍ഷിക മേഖലയിലെ എം.എസ്.എം.ഇകള്‍ക്കായി വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 2364 കോടി രൂപയുടെ ‘കേര’ പദ്ധതിയില്‍ 506 കോടി രൂപ അഗ്രോ എം.എസ്.എം.ഇകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ( എഫ് പി ഒ ) അഗ്രോ എം.എസ്.എം.ഇകളും ചേര്‍ന്നുള്ള പ്രൊഡക്ടീവ് അലയന്‍സിന് രണ്ട് കോടി രൂപ വരെ ധനസഹായം നല്‍കി വരുന്നുണ്ടെന്നും ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി
പറഞ്ഞു.നാല് വര്‍ഷം പിന്നിടുന്ന ‘സംരംഭക വര്‍ഷം’ പദ്ധതിയുടെ ചരിത്ര വിജയഘോഷത്തിന്റെ ഭാഗമായി മന്ത്രി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ചടങ്ങില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. വ്യവസായ വകുപ്പ് വാണിജ്യ ഡയറക്ടര്‍ പി.വിഷ്ണുരാജ്,കളമശ്ശേരി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ പി സാദിക്ക്,ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ.അജിത്കുമാര്‍,കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്,കെബിപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് സൂരജ്,കെ എസ് എസ് ഐ എ സെന്‍ട്രല്‍ സോണ്‍ വൈസ് പ്രസിഡന്റ് പി.ജെ ജോസ്,കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി  കോ കണ്‍വീനര്‍ സന്തോഷ് കുമാര്‍,ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഹെഡ് സാവിയോ മാത്യു,വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ജി രാജീവ്,എറണാകുളം വ്യവസായ കേന്ദ്ര ജനറല്‍ മാനേജര്‍ പി.എ നജീബ് ,തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. മൂല്യവര്‍ധിത കാര്‍ഷികഭക്ഷ്യ സംസ്‌കരണ ഉല്‍പ്പന്നങ്ങള്‍, അത്യാധുനിക യന്ത്രസാമഗ്രികള്‍ എന്നിവയുടെ വിപുലമായ ശേഖരം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ സംസ്‌കരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വിവിധ സ്റ്റാളുകള്‍ പവിലിയനില്‍ സജ്ജമാണ്. മേള  ഇന്ന്  സമാപിക്കും.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു