ന്യൂഡല്‍ഹി: തപാല്‍ സേവനങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സേവന വിതരണം എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്ന സുപ്രധാന നീക്കവുമായി ഇന്ത്യയും ബ്രസീലും തപാല്‍ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയും ബ്രസീല്‍ വാര്‍ത്താവിനിമയ മന്ത്രി ഫ്രെഡറിക്കോ ഡി സിക്വീറ ഫിലോയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഇന്ത്യയിലെ തപാല്‍ വകുപ്പും ബ്രസീലിലെ വാര്‍ത്താവിനിമയ മന്ത്രാലയവും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കാനും തപാല്‍ മേഖലയിലെ അറിവുകള്‍ കൈമാറാനും വഴിയൊരുക്കുന്ന സമഗ്ര ചട്ടക്കൂട് ധാരണയിലൂടെ ഉറപ്പാക്കുന്നു.തപാല്‍ മേഖലയിലെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും മികച്ച മാതൃകകളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം, സാര്‍വത്രിക സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും മേല്‍വിലാസ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സഹകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, ഇകൊമേഴ്സ് ലോജിസ്റ്റിക്സ്, തപാല്‍ സാമ്പത്തിക സേവനങ്ങള്‍ എന്നീ മേഖലകളിലെ പങ്കാളിത്തം, ശേഷി വികസനം, പരിശീലനം, സാങ്കേതിക വിനിമയങ്ങള്‍,
പരസ്പര തല്പര സംയുക്ത സംരംഭങ്ങളും തന്ത്രപ്രധാന പദ്ധതികളും, യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന് ഉള്‍പ്പെടെ ബഹുതല വേദികളിലെ മികച്ച ഏകോപനം, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വളര്‍ച്ചയ്ക്ക് ദക്ഷിണമേഖല രാഷ്ട്രങ്ങള്‍ക്കിടയിലെ പരസ്പര സഹകരണത്തിന്റെ പ്രോത്സാഹനം,
ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സന്ദര്‍ശനങ്ങള്‍, സംയുക്ത ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍, കൃത്യമായ വിവരശേഖരണം എന്നിവയിലൂടെയാണ് പങ്കാളിത്തം നടപ്പാക്കുക. തപാല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കാനും അവയെ സാമ്പത്തിക വളര്‍ച്ചയുടെയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെയും താഴെത്തട്ടിലെ സേവന വിതരണത്തിന്റെയും ചാലകശക്തികളാക്കി മാറ്റാനും ധാരണാപത്രത്തിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍, ഇകൊമേഴ്സ് ലോജിസ്റ്റിക്സ്, ജനകേന്ദ്രീകൃത പൊതുസേവന വിതരണം എന്നിവയുള്‍പ്പെടെ തപാല്‍ മേഖലയിലെ വിപുലമായ പരിവര്‍ത്തനത്തിലെ അനുഭവങ്ങള്‍ ഇന്ത്യ പങ്കുവെയ്ക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യത്തില്‍ തപാല്‍ സേവനദാതാക്കളുടെ സാമ്പത്തിക സുസ്ഥിരതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കാന്‍ കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമികമായി അഞ്ചുവര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരുന്ന ധാരണാപത്രം തുടര്‍ന്ന് സ്വയം പുതുക്കപ്പെടും. ഇരുരാജ്യങ്ങളിലെയും നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായാണ് ഇതിന്റെ നിര്‍വഹണം.

