സ്മാര്‍ട്ട് സ്‌പൈസസ് എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ കൃഷി മുതല്‍ സംസ്‌കരണം വരെ ഡാറ്റയും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയായി.
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും വിപണി സംഘര്‍ഷങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ കഠിനതയും പിടിമുറുക്കുന്ന ലോകത്തില്‍ കാര്യക്ഷമത മാത്രം പോരാ; പ്രതിരോധ ശേഷിയാണ് പുതിയ മാനദണ്ഡമെന്ന് ഡോ: ശശി തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ (ഐ.എസ്.സി. 2026) രണ്ടാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈകോര്‍ക്കലില്‍ വിശ്വാസം ഉണ്ടാകുന്ന കാലമല്ലിത്. വിശ്വാസം ലാബ് റിപ്പോര്‍ട്ടായാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി വിപണികളിലെ അവശിഷ്ടപരിധികളും ട്രേസബിലിറ്റി നിയമങ്ങളും കര്‍ശനമായതോടെ നിയമാനുസൃത പ്രവര്‍ത്തനം സാങ്കേതിക വിഷയമല്ല, തന്ത്രപ്രധാന വിഷയമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കയറ്റുമതി നിരസിക്കുന്നത് സാമ്പത്തിക നഷ്ടം മാത്രമല്ല, വിശ്വാസ്യതക്കും തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. കുരുമുളകിനായി റോമന്‍ സ്വര്‍ണം ഇന്ത്യയിലേക്ക് ഒഴുകിയ കാലം മുതല്‍ കോളനിവ്യാപാരം രാഷ്ട്രീയ നിയന്ത്രണമായി മാറിയ ചരിത്രം വരെ നമുക്കുണ്ട്. ഓര്‍മ്മകളല്ല നമ്മുടെ പാഠം, മറിച്ച് ജാഗ്രതയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിലവാര നിര്‍ണയ വേദികളില്‍ ഇന്ത്യ സജീവമായി ഇടപെടണം. നിയമങ്ങള്‍ പിന്തുടരുന്നതില്‍ മാത്രം നില്‍ക്കാതെ അവ രൂപപ്പെടുത്തുന്നതിലും പങ്കാളിയാകണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ഇപ്പോള്‍ സിദ്ധാന്തമല്ല, കര്‍ഷകരുടെ ദിവസേനയുള്ള വെല്ലുവിളിയാണ്. സുസ്ഥിരതയെ ബാധ്യതയായി കാണാതെ മത്സരക്ഷമതയുടെ ഇന്‍ഷുറന്‍സായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ പ്രവര്‍ത്തനവും ആഗോള പ്രതിരോധ ശേഷിയും വിഷയമാക്കിയ സെഷനില്‍ പുനരുജ്ജീവന കൃഷി, കാര്‍ബണ്‍ ലക്ഷ്യങ്ങള്‍, ഏകീകൃത ട്രേസബിലിറ്റി സംവിധാനം എന്നിവ കയറ്റുമതിക്ക് നിര്‍ണായകമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ചരിത്രകാരന്‍ ഡോ. മനു എസ്. പിള്ളയും മാധ്യമ പ്രവര്‍ത്തക അര്‍ച്ചന ആനന്ദും പങ്കെടുത്ത സംവാദം ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ലോക ശക്തിസമവാക്യങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിശദീകരിച്ചു. സ്മാര്‍ട്ട് സ്‌പൈസസ് എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ കൃഷി മുതല്‍ സംസ്‌കരണം വരെ ഡാറ്റയും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയായി. വിളവെടുപ്പ് സമയം നിശ്ചയിക്കല്‍, ഗുണനിലവാര പരിശോധന, ഉല്‍പ്പാദന പ്രവചനം തുടങ്ങിയ മേഖലകളില്‍ സാങ്കേതിക വിദ്യയുടെ പങ്ക് വിദഗ്ദ്ധര്‍ വിശദീകരിച്ചു.

