വോളിബോള്‍ പരിശീലകനും നാമക്കുഴി സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനുമായിരുന്ന ജോര്‍ജ് വര്‍ഗീസിന്റെ ഭാര്യയെയും ചടങ്ങില്‍ ആദരിക്കും.
കൊച്ചി: വോളിബോളിലൂടെ നാടിനെ പ്രശസ്തിയിലേക്കുയര്‍ത്തിയ നാമക്കുഴി സഹോദരിമാര്‍ക്ക് ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡാല്‍മിയ സിമെന്റ്‌സിന്റെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ജന്മനാട്ടില്‍ ആദരം നല്‍കുമെന്ന് സംഘാടകരായ ഡാല്‍മിയ സിമന്റ് ഡീലറും ചാര്‍ട്ടേര്‍ഡ് അക്കൗന്റുമായ സലിം കരുണാകരന്‍, നാമക്കുഴി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യൂണിവേഴ്‌സിറ്റി കോളജ് മുന്‍ വോളിബോള്‍ പരിശീലകനുമായ ജോയ് തോമസ്, നാക്കുഴി സഹോദരിമാരുടെ വോളിബോള്‍ പരിശീലകനും സ്‌കൂളിലെ അദ്ധ്യാപകനുമായ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ ഷാജി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ആദ്യമായി വനിത അര്‍ജുന അവാര്‍ഡ് (1975) ജേതാവായ കെ.സി. ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ, പി.സി. ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. ലീല, ലീലാമ്മ പി., എം.എന്‍. അമ്മിണി എന്നിവരെയാണ് ആദരിക്കുക. ഇവരുടെ വോളിബോള്‍ പരിശീലകനും നാമക്കുഴി സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനുമായിരുന്ന ജോര്‍ജ് വര്‍ഗീസിന്റെ ഭാര്യയെയും ചടങ്ങില്‍ ആദരിക്കും. പ്രമുഖ സിമെന്റ് നിര്‍മ്മാതാക്കളായ ഡാല്‍മിയ സിമെന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ പിറവം നഗരസഭ, സമീപ പഞ്ചായത്തുകളായ മുളക്കുളം, വെള്ളൂര്‍, ഇലഞ്ഞി, ഉഴവൂര്‍, ഞീഴൂര്‍ എന്നിവരും സഹകരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പുറമെ ചടങ്ങില്‍ മുന്‍കാല വോളിബോള്‍ താരം കൂടിയായ മാണി സി. കാപ്പന്‍ എംഎല്‍എ , അനൂപ് ജേക്കബ് എംഎല്‍എ, വി.ജെ.ജോര്‍ജ് കുളങ്ങര (ലേബര്‍ ഇന്‍ഡ്യ) എന്നിവരും പങ്കെടുക്കും.

