ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന എട്ടാമത്തെ വലിയ വിപണിയാണ് ജര്‍മ്മനി.
ന്യ്യൂഡല്‍ഹി: വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാരസാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രി വിദ്യന്തി പുത്രി വര്‍ദ്ധന, ജര്‍മ്മനിയുടെ ടൂറിസം ഫെഡറല്‍ ഗവണ്‍മെന്റ് കമ്മീഷണര്‍ ഡോ. ക്രിസ്‌റ്റോഫ് പ്ലോസ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ജര്‍മ്മനിയിലെ മെസ്സെ ബെര്‍ലിനില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ എക്‌സിബിഷനായ ഐടിബി ബെര്‍ലിന്‍ 2026ല്‍ വെച്ചായിരുന്നു ചര്‍ച്ച. വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കുക, സുസ്ഥിര യാത്രകള്‍ പ്രോത്സാഹിപ്പിക്കുക, വ്യോമഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കുക, രാജ്യങ്ങള്‍ തമ്മിലുള്ള ജനസമ്പര്‍ക്കം ദൃഢമാക്കുക എന്നിവയിലായിരുന്നു ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പങ്കാളികളിലൊന്നാണ് ജര്‍മ്മനിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന എട്ടാമത്തെ വലിയ വിപണിയാണ് ജര്‍മ്മനി. 2025ല്‍ 2,60,000 ജര്‍മ്മന്‍ വിനോദസഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ മിസ് ഷൈഖ അല്‍ നൊവൈസുമായും മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂടിക്കാഴ്ച നടത്തി.സുസ്ഥിര വിനോദസഞ്ചാര വികസനത്തെക്കുറിച്ചും പുനരുജ്ജീവനാത്മക വിനോദസഞ്ചാര രീതികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. നെറ്റ്ഫഌക്‌സ് ടൂറിസം മന്ത്രാലയത്തിനായി തയ്യാറാക്കിയ രണ്ട് ഹ്രസ്വചിത്രങ്ങള്‍ ഐടിബി ബെര്‍ലിനില്‍ കേന്ദ്ര ടൂറിസം മന്ത്രി പ്രകാശനം ചെയ്തു. ഇതില്‍ ഒന്ന് ഇന്ത്യയുടെ സജീവമായ സംസ്‌കാരം, പാരമ്പര്യങ്ങള്‍, ഉത്സവങ്ങള്‍, പൈതൃകം എന്നിവയെ ആസ്പദമാക്കിയുള്ളതാണ്. രണ്ടാമത്തേത് ഇന്ത്യന്‍ വിഭവങ്ങളുടെ വൈവിധ്യത്തെയും രുചികളെയും ആഘോഷിക്കുന്നു. ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നതിനായി ടൂറിസം മന്ത്രാലയം നെറ്റ്ഫഌക്‌സുമായി കൈകോര്‍ത്തിരിക്കുകയാണ്. ഈ പങ്കാളിത്തത്തിന്‍ കീഴില്‍, ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യും നെറ്റ്ഫഌക്‌സും ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ഹ്രസ്വ വീഡിയോകള്‍ നിര്‍മ്മിക്കും. നെറ്റ്ഫഌക്‌സ് സിനിമകളില്‍ നിന്നും സീരീസുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ഓരോ വീഡിയോയും ഇന്ത്യയുടെ രുചികള്‍,സാഹസിക വിനോദസഞ്ചാരം, വന്യജീവി സമ്പത്ത്, പ്രകൃതിസൗന്ദര്യം എന്നിങ്ങനെ രാജ്യത്തിന്റെ ആഴവും വൈവിധ്യവും ലോകത്തിന് മുന്നിലെത്തിക്കും. രാജസ്ഥാന്‍, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന സര്‍ക്കാരുകളും ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഐആര്‍സിടിസിയും ഐ ടി ബി ബെര്‍ലിന്‍ 2026 ല്‍ പങ്കെടുത്ത് തങ്ങളുടെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പദ്ധതികളും അവതരിപ്പിച്ചു. ഇന്ത്യന്‍ ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള 42 പങ്കാളികളും വിവിധ സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് ഇന്ത്യ പവലിയനില്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും വിപുലമായ വിനോദസഞ്ചാര ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. വിദേശ പ്രതിനിധികളുമായി നടത്തിയ വ്യാപാര കൂടിക്കാഴ്ചകള്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും സഹായകമായി. ഇന്ത്യന്‍ പവലിയനിലെത്തിയ സന്ദര്‍ശകര്‍ക്ക് മെഹന്തി, ബ്ലോക്ക് പ്രിന്റിംഗ്, കാലിഗ്രഫി തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാകരകൗശല പൈതൃകങ്ങള്‍ നേരിട്ട് അനുഭവിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

