കേസരി ഗവണ്‍മെന്റ് കോളേജ് പറവൂരിന്റെ പുതിയ ചരിത്രം : മുഖ്യമന്ത്രി 

പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യ വിമര്‍ശകനും വിപ്ലവകാരിയുമായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം ആരംഭിച്ച സ്ഥാപനം പറവൂരിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു അഭിമാന സ്തംഭമായി നിലകൊള്ളുകയാണ്.

കൊച്ചി: പറവൂര്‍ മണ്ഡലത്തിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭാസ മുന്നേറ്റത്തിന് കേസരി ഗവണ്‍മെന്റ് കോളേജ് പുതു ചരിത്രം രചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ത്ത് പറവൂര്‍ കേസരി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്  ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂരിന്റെയും പരിസരപ്രദേശങ്ങളുടെയും ചിരകാല സ്വപ്‌നമാണ് കോളേജ് വന്നതോടെ പൂവണിഞ്ഞത്. പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യ വിമര്‍ശകനും വിപ്ലവകാരിയുമായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം ആരംഭിച്ച സ്ഥാപനം പറവൂരിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഒരു അഭിമാന സ്തംഭമായി നിലകൊള്ളുകയാണ്. 1978ല്‍ ഒരു പാരലല്‍ കോളേജായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം, സര്‍ക്കാര്‍ കലാലയമായി മാറിയത് പറവൂരിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.വരും വര്‍ഷങ്ങളില്‍ കോളേജിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 100 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി മൂന്നര ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങള്‍, ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്‌സ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പ്ലേ ഗ്രൗണ്ട്, വനിതാ ഹോസ്റ്റല്‍ എന്നിവ നിര്‍മ്മിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി ആധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.മുന്‍മന്ത്രി എസ്. ശര്‍മ്മ, മുന്‍ എം.പി. കെ.പി. ധനപാലന്‍, നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.ടി.വി സുജ,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശരവണന്‍, കേസരി ട്രസ്റ്റ് പ്രസിഡന്റ് കെ.വി. സജീവ്,പ്രിന്‍സിപ്പല്‍ ഡോ. ജോബി വര്‍ഗ്ഗീസ്,പി.ടി.എ. വൈസ് പ്രസിഡന്റ് പത്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു