അത്യാധുനിക വെല്‍നസ് സാങ്കേതികവിദ്യയും ആയുര്‍വേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകള്‍ക്ക് മാത്രമായി സമ്പൂര്‍ണ്ണ വെല്‍നസ് കേന്ദ്രം.
കോഴിക്കോട് : ‘വനിതാ കേന്ദ്രീകൃത ആരോഗ്യ സംരക്ഷണ മേഖല കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി മാത്രമുള്ള രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത ഹോളിസ്റ്റിക് വെല്‍നസ് കേന്ദ്രമായ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘മന്ദാര വിമന്‍സ് വെല്‍നസ്’ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഹൈലൈറ്റ് ഗ്രൂപ്പ് നേരത്ത പ്രഖ്യാപിച്ച എലനൈന്‍ വിമന്‍സ് ഹോസ്പിറ്റലിന് ശേഷം ആരോഗ്യ മേഖലയില്‍ ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്ന പദ്ധതിയായിയാണ് മന്ദാര വിഭാവനം ചെയ്തിരിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന മന്ദാരയില്‍, ഐഒടി സാങ്കേതികവിദ്യയും ആരോഗ്യ സെന്‍സറുകളും അടങ്ങിയ 20 ആധുനിക സ്വകാര്യ കോട്ടേജുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗര്‍ഭകാല പരിചരണം, പ്രസവാനന്തര ശുശ്രൂഷ, ആര്‍ത്തവവിരാമ പരിചരണം, വാര്‍ദ്ധക്യകാല പരിചരണം തുടങ്ങി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്ക് ആധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകളുടെയും പരമ്പരാഗത ആയുര്‍വേദത്തിന്റെയും സഹായത്തോടെ സമ്പൂര്‍ണ്ണ പരിഹാരവും പരിചരണവുമാണ് മന്ദാരയുടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു.സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്ന ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് മന്ദാരയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്മാന് പി. സുലൈമാന്‍ പറഞ്ഞു.
ഹൈപ്പര്ബെറിക് ഓക്സിജന്‍ ചേമ്പറുകള്‍, ഹൈഫെം പെല്‍വിക് സ്ട്രെങ്ത് തെറാപ്പി, ഇന്‍ഫ്രാറെഡ് ലൈറ്റ് തെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും എഐ അധിഷ്ഠിത ക്ലിനിക്കല്‍ സ്പാ, പ്രകൃതിദത്തമായ ഡിറ്റോക്സ് മാര്‍ഗ്ഗങ്ങള്‍, പ്രത്യേക ന്യൂട്രീഷന്‍ ഡയറ്റ് എന്നിവയും മന്ദാരയുടെ പ്രത്യേകതകളാണ്. പ്രസവാനന്തര ശുശ്രൂഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബേബി നഴ്സറിയും ഇന്‍ഫന്റ് സ്പായും സജ്ജമാക്കിയിട്ടുണ്ട്.
നമ്മുടെ നാട്ടില്‍ തന്നെ വനിതകള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പ്രകൃതിദത്തമായ ചികിത്സയില്‍ ശാന്തതയോടെ സുഖം പ്രാപിക്കാനും ഊര്‍ജ്ജസ്വലരാകാനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ വിഭാഗം സിഇഒ ഡോ. അസ്ഹര്‍ മുബാറക് പറഞ്ഞു.

