കൊച്ചി: കൂടുതൽ സുസ്ഥിരവും ഊർജ്ജക്ഷമതയുള്ളതുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആസ്റ്റർ മെഡ്സിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്ത് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ. ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കാസർഗോഡ് ഹൊസ്ദുർഗിലെ അമ്പലത്തറയിലും സമീപ പ്രദേശങ്ങളിലുമായാണ് ഈ ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്രൊജക്റ്റ് വികസിപ്പിച്ചിരിക്കുന്നത്. 3.87 കോടി രൂപ ചെലവഴിച്ച് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ പ്രതിവർഷം 1.6 മുതൽ 1.75 കോടി യൂണിറ്റ് വരെ ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് ആസ്റ്റർ മെഡ്സിറ്റിയുടെ മൊത്തം ഊർജ്ജ ആവശ്യത്തിന്റെ 90 ശതമാനത്തിലധികം നിറവേറ്റുന്നതോടൊപ്പം പ്രതിവർഷം ഏകദേശം 23,138 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കും. ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡ് ടു പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഈ വൈദ്യുതി വിതരണം ചെയ്യുന്നത്. ഭാവിയിലേക്ക് കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കാനുള്ള നിക്ഷേപങ്ങൾ തുടരുമെന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സിഇഒ (ഇന്ത്യ 1) രമേഷ് കുമാറും, തടസ്സമില്ലാത്ത ഹരിത ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഓയിസ്റ്റർ റിന്യൂവബിൾ എനർജി എംഡിയും സിഇഒയുമായ സിദ്ധാർത്ഥ് ഭാട്ടിയയും വ്യക്തമാക്കി.

