അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസില്‍ 28-ാമത് ബിരുദദാനചടങ്ങില്‍ ബിരുദം സ്വീകരിച്ചത് 543 പേര്, 22 പേര്‍ക്ക് ഡോക്ടറല്‍ ബിരുദം
കൊച്ചി: വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവും കഴിവുകളും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കാനുള്ള ഉത്തരവാദിത്വം പുതിയ തലമുറ ഏറ്റെടുക്കണമെന്ന് നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഡയറക്ടര്‍ ഡോ. ദുവ്വുരി ശേഷഗിരി. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിന്റെ 28-ാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം നമ്മള് കണ്ടെത്തുകയും അതിനായി നിരന്തരം പരിശ്രമിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കിയെടുക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ സന്ദേശത്തിലൂടെ സര്‍വ്വകലാശാല ചാന്‍സലര്‍ മാതാ അമൃതാനന്ദമയി ബുരുദധാരികളെ അഭിസംബോധന ചെയ്തു. വിവിധ വിഷയങ്ങളില്‍ 543 പേര് ബിരുദവും 22 പേര് ഡോക്ടറല്‍ ബിരുദവും സ്വീകരിച്ചു.
ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാര്‍ ഡോ. ബിപിന്‍ നായര്‍, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് വൈസ് പ്രിന്‍സിപ്പലും പിജിപി ചെയറുമായ ഡോ. പി. ബാലസുബ്രഹ്മണ്യന്, സ്കൂള്‍ ഓഫ് നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലര്‍ മെഡിസിന് ഡീന്‍ ഡോ. ശാന്തികുമാര്‍ നായര്‍, കൊച്ചി ക്യാംപസ് ഡീനും ഡയറക്ടറുമായ ഡോ. യു. കൃഷ്ണകുമാര്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

