ഗ്രേറ്റർ നോയിഡ :സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ) തങ്ങളുടെ വിറ്റുവരവിന്റെ ഒരു പങ്ക് ഗവേഷണം, വികസനം (R&D), സാങ്കേതികവിദ്യ നവീകരണം എന്നിവയ്ക്കായി മാറ്റിവെക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. ഗ്രേറ്റർ നോയിഡയിൽ നടന്ന എം.എസ്.എം.ഇ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വികസിത് ഭാരത് @2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആഭ്യന്തര വിതരണക്കാരിൽ നിന്ന് ആഗോള വ്യവസായ സംരംഭങ്ങളായി വളരാൻ എം.എസ്.എം.ഇകൾ തയ്യാറാകണമെന്നും സർവ്വകലാശാലകൾ, ഐ.ഐ.ടികൾ, ഡി.ആർ.ഡി.ഒ ലാബുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഭാരതത്തിൽ നിർമ്മിക്കുക, ഭാരതത്തിനായി നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക” (Make in India, Make for India, Make for the World) എന്ന തത്വത്തിലധിഷ്ഠിതമായിരിക്കണം രാജ്യത്തിന്റെ ഉൽപ്പാദന വീക്ഷണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള വിതരണ ശൃംഖലകളിൽ വരുന്ന മാറ്റങ്ങളും, യു.എസ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യൻ എം.എസ്.എം.ഇകൾക്ക് വലിയ കയറ്റുമതി സാധ്യതകളാണ് തുറന്നുനൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, ഗുണനിലവാരവും നൈപുണ്യവും, സാങ്കേതിക നവീകരണം, വിപണി ലഭ്യത, വായ്പാ ലഭ്യത എന്നീ അഞ്ച് തൂണുകളിൽ ഊന്നിയാണ് എം.എസ്.എം.ഇകളുടെ വളർച്ച സാധ്യമാകുന്നത്. പ്രത്യേകിച്ചും പ്രതിരോധ മേഖലയിൽ ഉൽപ്പാദനം നടത്തുമ്പോൾ “സീറോ ഡിഫെക്റ്റ്, സീറോ കോംപ്രമൈസ് ഓൺ ക്വാളിറ്റി” (പൂർണ്ണ ഗുണനിലവാരം, വീഴ്ചകളില്ലാത്ത നിർമ്മാണം) എന്ന നയം കർശനമായി പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ, ക്വാണ്ടം ടെക്‌നോളജി തുടങ്ങിയ മേഖലകൾ എം.എസ്.എം.ഇകൾക്ക് വൻ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഐ.ഡി.ഇ.എക്സ് (iDEX), അദിതി (ADITI) തുടങ്ങിയ പദ്ധതികളിലൂടെ പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സ്റ്റാർട്ടപ്പുകൾ നിർവ്വഹിക്കുന്നത്. 2012-13 കാലഘട്ടത്തിൽ 4.67 കോടിയായിരുന്ന എം.എസ്.എം.ഇകളുടെ എണ്ണം ഇന്ന് 8 കോടിയോളമായി ഉയർന്നത് രാജ്യത്തിന്റെ സംരംഭകത്വ വികസനത്തിന്റെ തെളിവാണ്. ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ ഉപയോഗപ്പെടുത്തി പ്രാദേശിക വ്യവസായങ്ങൾ കേവലം പാർട്സ് വിതരണക്കാരായി നിൽക്കാതെ സാങ്കേതിക വികസിപ്പിക്കുന്ന വൻകിട കയറ്റുമതിക്കാരായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കൾ ജോലി തിരയുന്നവർക്ക് പകരം തൊഴിൽ ദാതാക്കളായി മാറണമെന്നും, ‘വികസിത് ഭാരത്’ എന്നത് ഗവണ്മെന്റിന്റെ മാത്രം ലക്ഷ്യമല്ല, മറിച്ച് മുഴുവൻ ജനങ്ങളുടെയും കൂട്ടായ ആഗ്രഹമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

