ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ന്യൂഡൽഹിയിൽ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ (DPSUs) വാർഷിക പ്രവർത്തന അവലോകനം നടത്തി. പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ്, പ്രതിരോധ ഉൽപ്പാദന വിഭാഗം സെക്രട്ടറി സഞ്ജീവ് കുമാർ, വിവിധ ഡി.പി.എസ്.യു മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന മേഖലയ്ക്കും സുരക്ഷയ്ക്കുമേകിയ സംഭാവനകളിൽ കമ്പനികളെ മന്ത്രി പ്രശംസിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം എക്കാലത്തെയും ഉയർന്ന പ്രതിരോധ ഉൽപ്പാദന തുകയായ 1.8 ലക്ഷം കോടി രൂപ കൈവരിച്ചതിൽ 1.29 ലക്ഷം കോടി രൂപയും സംഭാവന ചെയ്തത് ഡി.പി.എസ്.യുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഭാരതത്തിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക’ (Make in India, Make for India, Make for the World) എന്ന ലക്ഷ്യത്തോടെ മുൻനിര പ്രതിരോധ കമ്പനികളെ ആഗോള തലത്തിലേക്ക് ഉയർത്തണമെന്നും, പ്രതിരോധ സ്വയംപര്യാപ്തത സാമ്പത്തിക ആവശ്യകത മാത്രമല്ല മറിച്ച് രാജ്യസുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗവേഷണവും വികസനവും (R&D) പുതിയ സാങ്കേതികവിദ്യകളായും ഉൽപ്പന്നങ്ങളായും മാറ്റേണ്ടതിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ഉൽപ്പന്നങ്ങളുടെ വിതരണം കൃത്യസമയത്ത് പൂർത്തിയാക്കുക, ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക, ഗുണനിലവാരം ആഗോള നിലവാരത്തിലേക്ക് ഉയർത്തുക, കയറ്റുമതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുക, എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ പിന്തുണ നൽകുക എന്നിവയ്ക്ക് മുൻഗണന നൽകാൻ അദ്ദേഹം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ എച്ച്.എ.എൽ (HAL), എം.ഡി.എൽ (MDL), ബി.ഇ.എൽ (BEL), ബി.ഡി.എൽ (BDL), ജി.ആർ.എസ്.ഇ (GRSE), ബി.ഇ.എം.എൽ (BEML), മിധാനി (MIDHANI) എന്നീ ഏഴ് കമ്പനികളുടെ മേധാവികൾ ചേർന്ന് 2025-26 സാമ്പത്തിക വർഷത്തെ ഡിവിഡന്റായി 3,951 കോടി രൂപയുടെ ചെക്ക് പ്രതിരോധ മന്ത്രിക്ക് കൈമാറി. ഇതോടൊപ്പം ആത്മനിർഭരതയും പ്രതിരോധ നവീകരണവും ലക്ഷ്യമിട്ടുള്ള ‘ആത്മനിർഭർ ഡി.പി.എസ്.യു’, ‘ദിശ’ (DISHA), എച്ച്.എ.എല്ലിന്റെ നവീകരണ വികസന രേഖകൾ ഉൾപ്പെടെ നാല് പ്രധാന പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും രാജ്‌നാഥ് സിംഗ് നിർവ്വഹിച്ചു.

