ഹൈബ് ഇന്ത്യ ഓഡിഷൻ – ഫൈനൽ കോളും പുതിയ പോപ്-അപ്പ് പാർക്കുകളും

കൊച്ചി : ഹൈബ് ഇന്ത്യ  തങ്ങളുടെ ‘ഹൈബ് ഇന്ത്യ ഓഡിഷൻ: ഫൈനൽ കോളിന്റെ’ ഭാഗമായി രാജ്യത്തെ നാല് പുതിയ നഗരങ്ങളിലേക്ക് പോപ്-അപ്പ് പാർക്കുകൾ വിപുലീകരിക്കുന്നു. ആദ്യ റൗണ്ടിൽ ലഭിച്ച വൻ ജനപ്രീതിയെ തുടർന്ന് ചെന്നൈ, കൊൽക്കത്ത, കൊച്ചി, ചണ്ഡീഗഢ് എന്നീ നഗരങ്ങളിലാണ് പുതിയതായി പോപ്-അപ്പ് പാർക്കുകൾ എത്തുന്നത്. ഇന്ത്യയിലെ വളർന്നുവരുന്ന കെ-പോപ്പ്, യുവജന സമൂഹങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പ്രതിഭാശാലികളായ യുവാക്കളിലേക്ക് ഓഡിഷൻ അനുഭവം നേരിട്ടെത്തിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 2005-നും 2011-നും ഇടയിൽ ജനിച്ച വനിതകൾക്കായി തുറന്നിരിക്കുന്ന ഈ ഓഡിഷനിൽ വോക്കൽസ്, റാപ്, ഡാൻസ്, ആക്ടിംഗ്, മോഡലിംഗ് എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം.

പുതിയ പോപ്-അപ്പ് പാർക്കുകളുടെ പ്രധാന ആകർഷണം വേദിയിൽ നേരിട്ട് നടക്കുന്ന ‘ലൈവ് ഓൺ-സ്റ്റേജ് ഓഡിഷനുകൾ’ ആയിരിക്കും. മുൻകൂട്ടി അപേക്ഷിക്കാതെ തന്നെ വേദിയിൽ എത്തി രജിസ്റ്റർ ചെയ്യുന്നവർക്ക് ‘ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്’ അടിസ്ഥാനത്തിൽ ഹൈബ് ഇന്ത്യയുടെ ടീമിനും കാസ്റ്റിംഗ് പങ്കാളികൾക്കും മുന്നിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. എന്നാൽ ഇതിനായി പരിമിതമായ സ്ലോട്ടുകൾ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. ഓഡിഷനുകൾക്ക് പുറമെ മ്യൂസിക്, ഫാൻഡം, ക്രിയേറ്റിവിറ്റി എന്നിവ ഉൾപ്പെടുന്ന വിവിധ ഇന്ററാക്ടീവ് പ്രവർത്തനങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ടിക്കറ്റുകൾ ‘ഡിസ്ട്രിക്ട്’  വഴി ലഭ്യമാകും.

നേരത്തെ ആറ് നഗരങ്ങളിൽ നടപ്പിലാക്കിയ ആദ്യ പതിപ്പിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹൈബ് ഇന്ത്യ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സാർത്ഥക് അറോറ പറഞ്ഞു. ടിക്കറ്റുകൾ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നത് ഇന്ത്യയിലെ കെ-പോപ്പ് സമൂഹത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിയ ഇന്ത്യ, നോംഗ്ഷിം, പ്രോജക്റ്റ് ബി എന്നിവരുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ഈ പോപ്-അപ്പ് പാർക്കുകളുടെ കൃത്യമായ തീയതികൾ, വേദികൾ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹൈബ് ഇന്ത്യയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലും ഓഡിഷൻ വെബ്സൈറ്റിലും ലഭ്യമാകും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു