ന്യൂഡൽഹി : പ്രതിരോധ സേനകളിലെയും വിവിധ മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർക്കായി ഹെഡ്ക്വാർട്ടേഴ്സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (HQ IDS) സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീളുന്ന ‘കംബൈൻഡ് ഓപ്പറേഷണൽ റിവ്യൂ ആൻഡ് ഇവാലുവേഷൻ’ (CORE) പ്രോഗ്രാമിന് ന്യൂഡൽഹി മനേക്ഷാ സെന്ററിൽ തുടക്കമായി. സെപ്റ്റംബർ 14 മുതൽ 18 വരെ നടക്കുന്ന ഈ ശില്പശാലയിൽ പ്രതിരോധ സേനാ വിഭാഗങ്ങളിലെ മുതിർന്ന ഓഫീസർമാർക്ക് പുറമെ പ്രതിരോധ, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കാളികളാകുന്നുണ്ട്. സമകാലിക പ്രാദേശിക-ആഗോള സുരക്ഷാ വെല്ലുവിളികൾ, ആധുനിക യുദ്ധമുറകളിലെ സാങ്കേതിക വിപ്ലവം, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ, സിവിൽ-മിലിട്ടറി ഏകോപനം എന്നിവയാണ് അഞ്ചു ദിവസത്തെ പ്രോഗ്രാമിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ കൈക്കൊള്ളാനും, വിവിധ മന്ത്രാലയങ്ങളും സേനാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനവും സംയുക്ത തന്ത്രപരമായ ചിന്താഗതിയും വർദ്ധിപ്പിക്കാനും ഈ പരിശീലന പരിപാടി വഴി സാധിക്കുമെന്ന് എച്ച്.ക്യു ഐ.ഡി.എസ് വ്യക്തമാക്കി.

