കൊച്ചി: ഗര്‍ഭകാല പ്രമേഹം സമൂഹത്തില്‍ ഉയര്‍ത്തുന്ന വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനായി വി.പി.എസ് ലേക്ഷോര് ഹോസ്പിറ്റല്‍ ‘ഡയബറ്റീസ് ഇന്‍ പ്രഗ്നന്‍സി കോണ്‍ഫറന്‍സ്’ സംഘടിപ്പിച്ചു. കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ രോഗനിര്‍ണയം, ചികിത്സാ രീതികള്‍, പ്രസവാനന്തര പരിചരണം, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്തു. വി.പി.എസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്ത കോണ്‍ഫറന്‍സില്‍, രോഗി പരിചരണത്തിനൊപ്പം അക്കാദമിക മികവിനും ലേക്ഷോര് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭകാലത്തും അതിനുമുമ്പും ശേഷവുമുള്ള പ്രമേഹം വ്യാപകമാകുന്ന സാഹചര്യത്തില്‍, ഇത്തരം ചര്‍ച്ചകള്‍ ഈ രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏകദേശം 25 ശതമാനം ഗര്‍ഭിണികളിലും ഗ്രാമീണ മേഖലകളില്‍ 15 ശതമാനത്തിലേറെ പേര്‍ക്കും പ്രമേഹമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച കെ.എഫ്.ഒ.ജി പ്രസിഡന്റ് ഡോ. ഫെസ്സി ലൂയിസ് ചൂണ്ടിക്കാട്ടി. ഗര്‍ഭകാല പ്രമേഹം അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്നതിനാല്‍ രണ്ട് തലമുറകളുടെ ആരോഗ്യത്തെയാണ് അത് ബാധിക്കുന്നതെന്നും, ഭക്ഷണരീതിയും ജീവിതശൈലിയും കേന്ദ്രീകരിച്ച് വിപുലമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.ഐ.പി.എസ്.ഐ പ്രസിഡന്റ് ഡോ. ഭാവതാരിണി, ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്സണ്‍ ഡോ. അനിത നമ്പ്യാര്‍, സെക്രട്ടറി ഡോ. സ്മിത ജോയ് എന്നിവര്‍ സംസാരിച്ച കോണ്‍ഫറന്‍സില്‍, ശാസ്ത്രീയ തെളിവുകളുടെയും ക്ലിനിക്കല്‍ കേസുകളുടെയും പാനല്‍ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ഗ്ലൈസമിക് കണ്ട്രോള്, അമ്മയുടെയും കുഞ്ഞിന്റെയും നിരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ സെഷനുകള്‍ നടന്നു.

