കൊച്ചി : ജാതി-ജാതക തടസ്സങ്ങളും ആർഭാടങ്ങളും ഒഴിവാക്കിയുള്ള വിവാഹങ്ങൾക്ക് പിന്തുണ നൽകാനും, പുരുഷന്മാർക്ക് മേൽവസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യം അനുവദിക്കാനും തീരുമാനിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതൃയോഗം സമാപിച്ചു. കൊച്ചി പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ നടന്ന യോഗത്തിലാണ് ഈ സുപ്രധാന പുരോഗമന തീരുമാനങ്ങൾ കൈക്കൊണ്ടത്.
വിവാഹ പ്രായം ഉയരുന്നതും കൃത്യസമയത്ത് വിവാഹം നടക്കാത്തതും ഹിന്ദു ജനസംഖ്യയിലെ കുറവിന് കാരണമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാതിയും ജാതകവും നോക്കാതെയുള്ള സാധാരണ വിവാഹങ്ങൾക്ക് സൗകര്യമൊരുക്കാൻ വിഎച്ച്പി തീരുമാനിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു. കൂടാതെ, തൃശൂരിൽ നടന്ന സന്യാസി സംഗമത്തിലെ നിർദ്ദേശപ്രകാരം വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള 200-ലധികം ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാനുള്ള അനുമതി നൽകും. പാവക്കുളം മഹാദേവക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഇത് മുൻപേ നടപ്പിലാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മറ്റ് സ്വകാര്യ ക്ഷേത്രങ്ങളിലും ഈ മാറ്റം കൊണ്ടുവരുന്നതിനായി തന്ത്രിസമാജവുമായും ദേവസ്വം ബോർഡുകളുമായും ചർച്ചകൾ നടത്താനും യോഗം തീരുമാനിച്ചു. അതോടൊപ്പം ബജ്രംഗ്ദൾ, ദുർഗ്ഗാവാഹിനി പ്രവർത്തകർക്കായി ‘ബലോപാസനാ കേന്ദ്രങ്ങൾ’ (ജിംനേഷ്യങ്ങൾ) ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

