കൊച്ചി: പ്രമുഖ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ലോട്ടസ് കാർസ് ഇന്ത്യ, തങ്ങളുടെ പ്രശസ്ത ഇലക്ട്രിക് പെർഫോമൻസ് വാഹനങ്ങളായ ‘എലെട്രെ’, ‘എമേയ’ എന്നിവയെ പരിചയപ്പെടുത്തുന്നതിനായി കൊച്ചിയിൽ പ്രത്യേക ബ്രാൻഡ് എക്സ്പീരിയൻസ് പരിപാടി സംഘടിപ്പിക്കുന്നു. രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 മുതൽ 27 വരെ നടക്കുന്ന ഈ പരിപാടി വാഹനപ്രേമികൾക്കും ബിസിനസ് പ്രമുഖർക്കും പുതിയ മോഡലുകൾ അടുത്തറിയാൻ അവസരമൊരുക്കും.
ചെന്നൈ, കോയമ്പത്തൂർ, തൃശൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് ലോട്ടസ് കാറുകൾ കൊച്ചിയിലെത്തുന്നത്. ഇവിടെനിന്നും കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും പര്യടനം വ്യാപിപ്പിക്കും. സമാന്തരമായി പശ്ചിമേന്ത്യൻ നഗരങ്ങളിലും പര്യടനം നടക്കുന്നുണ്ട്. മികച്ച അനുഭവങ്ങളും നിലവാരമുള്ള സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം, സമഗ്രമായ സെയിൽസ്, ആഫ്റ്റർ സെയിൽസ് പിന്തുണ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ലോട്ടസ് കാർസ് ഇന്ത്യ ഡയറക്ടർ ആമി അറോറ വ്യക്തമാക്കി

