കൊച്ചി : നഗരത്തിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ താരം നിഖില വിമൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉൾപ്പെടുത്തിയ കൂറ്റൻ കേക്ക് മിക്സിങ്ങായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. മികച്ച ഗുണനിലവാരമുള്ള ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത കൂറ്റൻ മിശ്രിതത്തിലേക്ക് 300 ലിറ്റർ മദ്യവും 75 ലിറ്റർ തേനും ഒഴിച്ചാണ് പ്ലം കേക്കുകൾക്കായുള്ള കൂട്ട് തയ്യാറാക്കിയത്. ഈ മിശ്രിതം 60 ദിവസത്തോളം ഫെർമെന്റ് ചെയ്ത ശേഷമാണ് ഡിസംബറിൽ കേക്ക് നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്ന് കളറിനറി ഡയറക്ടർ ഷെഫ് രതീഷ് വ്യക്തമാക്കി. ഈ വർഷം 12,000 റിച്ച് പ്ലം കേക്കുകൾ നിർമ്മിക്കാനാണ് ഹോട്ടൽ ലക്ഷ്യമിടുന്നത്. കേക്കുകൾക്കായുള്ള പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്.
എല്ലാവരെയും ഒന്നിച്ച് കൊണ്ടുവരിക എന്ന ക്രിസ്മസിന്റെ സന്ദേശമാണ് ഈ ചടങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേഷ് റായ് പറഞ്ഞു. റൗണ്ട് ടേബിൾ ഇന്ത്യയുമായി സഹകരിച്ച് കേക്കുകളുടെ ആദ്യ ബാച്ച് തയ്യാറായാലുടൻ ‘രക്ഷാ സൊസൈറ്റി ഫോർ ദി കെയർ ഓഫ് ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ്’ ലെ കുട്ടികൾക്ക് അയച്ചു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, കോർപ്പറേറ്റ് പങ്കാളികൾ, ഹോട്ടൽ അതിഥികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

