ആരോഗ്യ ഗവേഷണത്തിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ; കൊച്ചി അമൃതയിൽ ദേശീയ സമ്മേളനം

കൊച്ചി : ആരോഗ്യഗവേഷണ രംഗത്ത് നിർമിതബുദ്ധിയുടെ (AI) പ്രയോഗങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിനായി കൊച്ചി അമൃത കോളജ് ഓഫ് നഴ്സിങ്ങിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28, 29 തീയതികളിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ‘എഐ ഇൻ റിസർച്ച്: ഫ്രം കൺസെപ്റ്റ് ടു കമ്മ്യൂണിറ്റി – ദ കംപ്ലീറ്റ് സൈക്കിൾ’ എന്നതാണ് ദ്വിദിന സമ്മേളനത്തിന്റെ പ്രമേയം.

ഒക്ടോബർ 28-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഹൈബ്രിഡ് (ഓൺലൈൻ/ഓഫ്‌ലൈൻ) രീതിയിൽ ‘എഐ ഇൻ റിസർച്ച്: ഫ്രം കൺസെപ്റ്റ് ടു മാനുസ്ക്രിപ്റ്റ്’ എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന ശിൽപശാല നടക്കും. ഒക്ടോബർ 29-ന് രാവിലെ 10-ന് അമൃത ആശുപത്രിയിലെ അനക്സ് ബി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം നടക്കും.

അമൃത കോളജ് ഓഫ് നഴ്സിങ് പ്രിൻസിപ്പലും സംഘാടക സമിതി അധ്യക്ഷയുമായ ഡോ. കെ.ടി. മോളിയുടെ നേതൃത്വത്തിലാണ് സമ്മേളനം ഒരുക്കിയിരിക്കുന്നത്. കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസ് ഓണററി ഡയറക്ടർ ഡോ. ബേബി ചക്രപാണി പി.എസ്. മുഖ്യാതിഥിയാകും. അമൃതപുരി അമൃത സ്കൂൾ ഓഫ് ബിസിനസ് ഡീൻ ഡോ. രഘു രാമൻ ആശംസാപ്രസംഗം നടത്തും.

ആരോഗ്യഗവേഷണത്തിലെ എഐ ഉപയോഗം, ഗവേഷണ നൈതികത, തെളിവധിഷ്ഠിത ചികിത്സാരീതികൾ, ശാസ്ത്രീയ പ്രസിദ്ധീകരണം എന്നിവയിൽ വിദഗ്ധ പ്രബന്ധങ്ങൾ അവതരിപ്പിക്കും. “ഗവേഷകരെ എഐ മാറ്റിസ്ഥാപിക്കുമോ, അതോ കൂടുതൽ ശാക്തീകരിക്കുമോ?” എന്ന വിഷയത്തിൽ പാനൽ ചർച്ചയും മികച്ച പ്രബന്ധങ്ങൾക്കും പോസ്റ്ററുകൾക്കുമുള്ള പുരസ്കാര വിതരണവും നടക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള ആരോഗ്യപ്രവർത്തകർ, ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സംഘാടക സെക്രട്ടറിമാരായ ലെഫ്റ്റനന്റ് കേണൽ (ഡോ.) അജീ കെ.എൽ. (83350 53920), അനിഷ വടക്കേപ്പാട്ട് (90615 59280) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു