കൊച്ചി: ലോക ഒക്യുപ്പേഷണൽ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സംഘടിപ്പിച്ച ‘ഒപ്പം’ പരിപാടിയിൽ, കുട്ടികളുടെ വളർച്ചാവികാസ ഘട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള സൗജന്യ മൊബൈൽ ആപ്ലിക്കേഷനായ ‘കിഡ്സൈറ്റ്’ പുറത്തിറക്കി. ഒബറോൺ മാളിൽ നടന്ന ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ ആപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ വളർച്ചാ വ്യതിയാനങ്ങളും ഡിസബിലിറ്റീസും നേരത്തെ മനസ്സിലാക്കി കൃത്യസമയത്ത് പിന്തുണയും പരിചരണവും ഉറപ്പാക്കാൻ ‘കിഡ്സൈറ്റ്’ ആപ്പിലൂടെ സാധിക്കുമെന്ന് മേയർ പറഞ്ഞു. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ശാരീരിക-മാനസിക വളർച്ച നേരിട്ട് മനസ്സിലാക്കാനും പ്രാഥമിക പരിശോധനകൾ നടത്താനും മാതാപിതാക്കളെ സഹായിക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഇത് സൗജന്യമായി ലഭ്യമാണ്.
പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷിബി സോമൻ, ഒബറോൺ മാൾ സെന്റർ മാനേജർ മോനു നായർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി ഒക്യുപ്പേഷണൽ തെറാപ്പി അധിഷ്ഠിത പ്രത്യേക സ്റ്റാളുകളും കുട്ടികൾക്കായുള്ള വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു.

