പ്രഥമ ബിംസ്റ്റെക് സമുദ്ര സുരക്ഷാ പരിശീലനത്തിന് ശ്രീ വിജയ പുരത്ത് സമാപിച്ചു

കൊച്ചി :  ബിംസ്റ്റെക് (BIMSTEC) അംഗരാജ്യങ്ങളുടെ പ്രഥമ സംയുക്ത സമുദ്ര സുരക്ഷാ പരിശീലനം 2026 നവംബർ 03-ന് ശ്രീ വിജയ പുരത്ത് വിജയകരമായി സമാപിച്ചു. ഇന്ത്യയുടെ ഏക ചതുരംഗ കമാൻഡായ ആന്തമാൻ ആൻഡ് നിക്കോബാർ കമാൻഡിന്റെ (ANC) മേൽനോട്ടത്തിൽ ഒക്ടോബർ 30 മുതൽ നവംബർ 03 വരെയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ആന്തമാൻ ആൻഡ് നിക്കോബാർ കമാൻഡർ-ഇൻ-ചീഫ് വൈസ് അഡ്മിറൽ വിനീത് മക്കാർത്തി പരിപാടികൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് താരാഗിരി, ഐഎൻഎസ് കർമുക്, ഐഎൻഎസ് സരയു, മ്യാൻമർ നാവികസേനയുടെ യുഎംഎസ് കിംഗ് ഓങ് സെയ്യ, ശ്രീലങ്കൻ നാവികസേനയുടെ എസ്എൽഎൻഎസ് ഗജബാഹു എന്നീ യുദ്ധക്കപ്പലുകൾ പരിശീലനത്തിൽ പങ്കെടുത്തു. ബിംസ്റ്റെക് സെക്രട്ടറി ജനറൽ ഇന്ദ്ര മണി പാണ്ഡെ, നാഷണൽ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ വൈസ് അഡ്മിറൽ ബിശ്വജിത് ദാസ്ഗുപ്ത (റിട്ട.), മ്യാൻമർ നേവി സെൻട്രൽ നേവൽ കമാൻഡർ റിയർ അഡ്മിറൽ ക്യാവ് ക്യാവ് ഹ്തൂ, ബംഗ്ലാദേശ് നാവികസേനാ പ്രതിനിധി ക്യാപ്റ്റൻ മുഹമ്മദ് മൻസൂറുൽ ഇസ്ലാം തുടങ്ങി നിരവധി ആഗോള നയതന്ത്ര-സൈനിക പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഡൽഹി പ്രഖ്യാപനത്തിന്റെയും ബിംസ്റ്റെക് സമുദ്ര സുരക്ഷാ സഹകരണ ഗ്രൂപ്പ് തീരുമാനങ്ങളുടെയും തുടർച്ചയായിട്ടാണ് ഈ സംയുക്ത പരിശീലനം നടത്തിയത്. തുറമുഖ കേന്ദ്രീകരിച്ചുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം നവംബർ 02, 03 തീയതികളിൽ ബംഗാൾ ഉൾക്കടലിൽ സമുദ്ര നിരീക്ഷണ പ്രവർത്തനങ്ങളും സംയുക്ത സൈനിക നീക്കങ്ങളും നടന്നു. മേഖലയിലെ സമുദ്ര സുരക്ഷയും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചാണ് പ്രഥമ ബിംസ്റ്റെക് സമുദ്ര അഭ്യാസം പൂർത്തിയായത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു