കൊച്ചി : ഇന്ത്യൻ കുടുംബങ്ങളുടെ അവധിക്കാല യാത്രാരീതികളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ദൃശ്യമാകുന്നതായി എയർബിഎൻബിയുടെ (Airbnb) പുതിയ സർവേ. വെറും കാഴ്ചകൾ കാണുന്നതിനപ്പുറം വിവിധ തലമുറകളിൽപ്പെട്ട കുടുംബാംഗങ്ങൾക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനാണ് ഇന്നത്തെ യാത്രക്കാർ കൂടുതൽ താൽപ്പര്യപ്പെടുന്നത്. ജെൻ സി, മില്ലേനിയൽ വിഭാഗങ്ങളിൽപ്പെട്ടവരിൽ 75 ശതമാനം പേരും വ്യത്യസ്ത തലമുറകളിലുള്ള ബന്ധുക്കൾക്കൊപ്പമുള്ള യാത്രകൾക്കാണ് മുൻഗണന നൽകുന്നത്.
യാത്ര ചെയ്യുന്നവരിൽ 55 ശതമാനം പേർ പുതിയ ഓർമ്മകൾ സൃഷ്ടിക്കുന്നതിനും, 52 ശതമാനം പേർ യാത്രകൾ ഒരുമിച്ച് ആസ്വദിക്കുന്നതിനും, 51 ശതമാനം പേർ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇത്തരം യാത്രകൾ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. വലിയ കുടുംബങ്ങളായുള്ള യാത്രകളുടെ വർദ്ധനവ് എയർബിഎൻബി ഡാറ്റയിലും പ്രതിഫലിക്കുന്നുണ്ട്. കുട്ടികളോ ശിശുക്കളോ ഉൾപ്പെടെ അഞ്ചോ അതിലധികമോ അംഗങ്ങളുള്ള ഗ്രൂപ്പുകളുടെ ആഭ്യന്തര താമസസ്ഥലങ്ങൾക്കായുള്ള തിരച്ചിലിൽ വാർഷികാടിസ്ഥാനത്തിൽ 55 ശതമാനത്തിലധികം വർദ്ധനവാണുണ്ടായിരിക്കുന്നത്. താമസസ്ഥലത്ത് ഒന്നിച്ച് വിശ്രമിക്കാനും, ഭക്ഷണം പങ്കിടാനും, ഗെയിമുകൾ കളിക്കാനും 63 ശതമാനം ആളുകൾ താല്പര്യപ്പെടുമ്പോൾ പ്രകൃതിരമണീയമായ ഗ്രാമീണ മേഖലകൾക്കാണ് യാത്രാ കേന്ദ്രങ്ങളായി കൂടുതൽ പ്രിയം.

