കേരളത്തിൽ 38,000-ത്തിലധികം വ്യാപാരികൾ
തിരുവനന്തപുരം : ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മൊത്തം വിൽപ്പനക്കാരുടെ (Sellers) എണ്ണം 20 ലക്ഷം കവിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ച നിരക്കാണിത്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ കടന്നുവരവോടെ കേരളത്തിൽ നിന്നുള്ള വിൽപ്പനക്കാരുടെ എണ്ണം 38,000 കടന്നതായും സംസ്ഥാനത്തെ 11,000-ത്തിലധികം പ്രാദേശിക റീട്ടെയിൽ സ്ഥാപനങ്ങൾ ആമസോൺ ശൃംഖലയുടെ ഭാഗമായതായും കമ്പനി വ്യക്തമാക്കി. വരാനിരിക്കുന്ന ഉത്സവകാല വിൽപ്പനയ്ക്ക് മുന്നോടിയായി ചെറുകിട വ്യാപാരികളെ സഹായിക്കാൻ എ.ഐ (AI) അധിഷ്ഠിത സാങ്കേതിക സംവിധാനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താൻ വ്യാപാരികളെ സജ്ജരാക്കുന്നതിനായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 20-ലധികം ‘സെല്ലർ കണക്ട്സ്’, ‘ആഡ്സ് ഹൈവ്’ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുമെന്നും ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു.

