കോഴിക്കോട്: ജോലിയുടെ ഭാഗമായി വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമായി കഴിയുന്ന ദമ്പതികള്‍ക്ക് ഗര്‍ഭധാരണത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പരിമിതമായിരിക്കാം. അതിനാല്‍ വിവാഹം കഴിഞ്ഞ കാലയളവിനേക്കാള്‍ പ്രധാനമാണ് യഥാര്‍ഥത്തില്‍ എത്രകാലം ഗര്‍ഭധാരണത്തിനായി ഒരുമിച്ച് ശ്രമിക്കാന്‍ കഴിഞ്ഞുവെന്നതെന്ന് ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐ.വി.എഫ്, കോഴിക്കോട്, ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. കെ.യു. കുഞ്ഞിമൊയ്തീന്‍ പറഞ്ഞു.
കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ വര്‍ഷത്തിന്റെ വലിയൊരു ഭാഗം അകന്നു കഴിയുന്ന സാഹചര്യത്തില്‍, ഓണം പോലുള്ള ആഘോഷവേളകള്‍ ദമ്പതികള്‍ക്ക് കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാനുള്ള അവസരമാകുന്നു. കുഞ്ഞിനായി ശ്രമിക്കുന്നവര്‍ക്ക് അണ്ഡോത്പാദന സമയവുമായി ബന്ധപ്പെട്ട് കൃത്യമായ സമയക്രമം പ്രധാനമാണ്. അണ്ഡോത്പാദന ദിവസം അവസാനിക്കുന്ന ആറു ദിവസത്തെ ‘ഫെര്‍ട്ടൈല്‍ വിന്‍ഡോ’യിലാണ് ഗര്‍ഭധാരണ സാധ്യത കൂടുതലുള്ളത്.
എന്നാല്‍ ഗര്‍ഭധാരണം വൈകുന്നതിന് ഒരുമിച്ച് ചെലവഴിക്കുന്ന സമയക്കുറവ് മാത്രമല്ല കാരണം. അണ്ഡോത്പാദനം സാധാരണ നിലയിലായാലും ഫെല്ലോപിയന്‍ ട്യൂബുകളിലെ തടസ്സം, ബീജവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പ്രായം, എന്‍ഡോമെട്രിയോസിസ്, പി.സി.ഒ.എസ്, മുന്‍ ശസ്ത്രക്രിയകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഫെര്‍ട്ടിലിറ്റിയെ ബാധിക്കാം.
അതുകൊണ്ടുതന്നെ വന്ധ്യതാ പരിശോധനയില്‍ സ്ത്രീയും പുരുഷനും ഒരുപോലെ പങ്കാളികളാകേണ്ടത് പ്രധാനമാണ്. സ്ത്രീകളുടെ അണ്ഡോത്പാദനവും പ്രത്യുല്‍പാദന വ്യവസ്ഥയും പരിശോധിക്കുന്നതിനൊപ്പം പുരുഷന്റെ ബീജ പരിശോധനയും ആവശ്യാനുസരണം നടത്താം.
സാധാരണയായി 35 വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ 12 മാസത്തെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ശേഷവും, 35 വയസ്സിന് മുകളിലുള്ളവരില്‍ ആറുമാസത്തെ ശ്രമങ്ങള്‍ക്ക് ശേഷവുമാണ് ഫെര്‍ട്ടിലിറ്റി പരിശോധനകള്‍ നിര്‍ദ്ദേശിക്കുന്നത്. ക്രമരഹിതമായ ആര്‍ത്തവം, എന്‍ഡോമെട്രിയോസിസ്, ട്യൂബുകളിലെ തടസ്സം, പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുണ്ടെങ്കില്‍ പരിശോധനകള്‍ നേരത്തെ തന്നെ നടത്താം.
ഓണക്കാലത്ത് ഒരുമിച്ചെത്തുന്ന ദമ്പതികള്‍, കുടുംബാസൂത്രണത്തെ ഒരു അധിക ബാധ്യതയായി കാണുന്നതിനുപകരം, തങ്ങളുടെ പ്രായം, ഒരുമിച്ച് ലഭിക്കുന്ന സമയം, ഫെര്‍ട്ടിലിറ്റി പരിശോധനകളുടെ ആവശ്യകത എന്നിവയെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കാനുള്ള അവസരമായി ഈ സമയം പ്രയോജനപ്പെടുത്തണമെന്നും ഡോ. കുഞ്ഞിമൊയ്തീന്‍ പറഞ്ഞു.

