ഹൃദയസംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി കാര്‍ഡിയാക് ടേബിളും വിതരണം ചെയ്തു
കൊച്ചി: ചാവറ മാട്രിമോണിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. സിനിമാ താരം ഷീല ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.എം.ഐ സഭ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ അച്ചാണ്ടി സി.എം.ഐ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സഫാരി ടി.വി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവറ മാട്രിമോണിയുടെ മുപ്പതാം വര്‍ഷത്തിന്റെ ഭാഗമായ ലോഗോ പ്രകാശനവും അതിനോടൊപ്പം തന്നെ സി ടോക്ക് എന്ന പരിപാടിയുടെ പോഡ് കാസ്റ്റ് ലോഗോയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.
മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ ടെലിവിഷന്‍ പരസ്യം ‘ഹൃദയങ്ങള്‍ ഒന്നായ മുപ്പത് വര്‍ഷങ്ങള്‍’ പരിപാടിയില്‍ പുറത്തിറക്കി. നടനും പരസ്യ സംവിധായകനുമായ സിജോയ് വര്‍ഗീസ്, മോട്ടിവേഷണല്‍ സ്പീക്കര്‍ ജോസഫ് അന്നംകുട്ടി ജോസ്,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ചാവറ കെയര്‍’ എന്ന പേരില്‍ പുതിയ സി.എസ്.ആര്‍ പദ്ധതിക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സെന്റ് ജോസഫ് യു.പി സ്‌കൂളിന് കമ്പ്യൂട്ടറുകളും ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നല്‍കി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി കാര്‍ഡിയാക് ടേബിളും വിതരണം ചെയ്തു.
ചാവറ മാട്രിമോണി ചെയര്‍മാന്‍ ഫാ. ബിനോയ് എലവുങ്കല്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് , അസി.ഡയറക്ടര്‍ ഫാ.എമില്‍ സെബാസ്റ്റ്യന്‍ പുള്ളിക്കാട്ടില്‍, ചാവറ മാട്രിമോണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി .എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

